മാരക വിഷം ഉക്കൊള്ളുന്ന തപാൽ ഉരുപ്പടി വൈറ്റ് ഹൗസിലേക്ക് അയച്ചതായി റിപ്പോർട്ട്

വാഷിംഗ്ടൺ: കാനഡയിൽ നിന്ന് റസിൻ എന്ന മാരക വിഷാംശമുള്ള വസ്തു അടങ്ങിയ തപാൽ ഉരുപ്പടി വൈറ്റ് ഹൗസിലേക്ക് അയച്ചതായി റിപ്പോർട്ട്. എന്നാൽ അമേരിക്കൻ സർക്കാർ തപാൽ കേന്ദ്രത്തിൽവെച്ചു തന്നെ പാഴ്സലിൽ വിഷം ഉൾക്കൊള്ളുന്നതായി തിരിച്ചറിഞ്ഞതിനാൽ വൈറ്റ് ഹൗസിലേയ്ക്ക് പാഴ്സൽ എത്താതെ തടയാൻ സാധിച്ചു. സംഭവത്തെക്കുറിച്ച് യുഎസ് രഹസ്യാന്വേഷണ വിഭാഗവും യുഎസ് പോസ്റ്റൽ ഇന്സ്പെക്ഷന് സർവീസും അന്വേഷണം നടത്തിവരികയാണ്. ജൈവായുധമായി ഉപയോഗിക്കാനാകുന്ന അതിമാരക വിഷമാണ് റസിന്. ശരീരത്തിന് ഉള്ളിലെത്തുകയോ ശ്വസിക്കുകയോ കുത്തിവെക്കുകയോ ചെയ്താൽ മരണകാരണമാകും. കടുകുമണിയോളം മതികയാകും ഒരാളെ കൊല്ലാന്. വിഷബാധയേറ്റ് 36−72 മണിക്കൂറുകൾക്കുള്ളിൽ മരണം സംഭവിക്കും. ഇതിന് നിലവിൽ മറുമരുന്നുകളൊന്നുമില്ല.
മുന്പും വൈറ്റ് ഹൗസിലേക്ക് മാരക വിഷം ഉൾക്കൊള്ളുന്ന പാഴ്സലുകൾ അയക്കപ്പെട്ടിട്ടുണ്ട്. ബരാക് ഒബാമ പ്രസിഡന്റായിരുന്ന കാലത്ത് രണ്ടു തവണ റസിൻ ഉൾക്കൊള്ളുന്ന കത്തുകൾ വൈറ്റ് ഹൗസിലേയ്ക്ക് അയച്ച രണ്ടു സംഭവങ്ങളിൽ രണ്ടു പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇത്തരം സഭവത്തിൽ 2014ൽ മിസ്സിസിപ്പി സ്വദേശിയായ ജയിംസ് എവെറെറ്റ് എന്നയാൾ 25 വർഷം തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്നു.