ഷഹബാസ് ഷെരീഫ് പി.എം.എൽ എൻ അദ്ധ്യക്ഷൻ

ലാഹോർ : പാകിസ്ഥാനിൽ പഞ്ചാബ് പ്രവിശ്യ മുഖ്യമന്ത്രി ഷഹബാസ് ഷെരീഫിനെ ഭരണ കക്ഷിയായ പി.എം.എൽ−എന്നിന്‍റെ ഇടക്കാല അദ്ധ്യക്ഷനായി തിരഞ്ഞെടുത്തു. പുറത്താക്കപ്പെട്ട പ്രധാനമന്ത്രി നവാസ് ഷെരീഫിന്‍റെ ഇളയ സഹോദരനാണ് ഷഹബാസ്. നവാസ് ഷെരീഫിനെ പാർട്ടിയുടെ ആജീവനാന്ത ഉന്നത നേതാവ് എന്ന പദവിയിലേക്കും പാർട്ടിയുടെ കേന്ദ്ര വർക്കിംഗ് കമ്മിറ്റി യോഗം തിരഞ്ഞെടുത്തിട്ടുണ്ട്.
ലാഹോറിൽ നവാസിന്‍റെ വസതിയിൽ ചേർന്ന പാർട്ടി നേതാക്കളുടെ യോഗമാണ് തിരഞ്ഞെടുപ്പു നടത്തിയത്. നവാസ് ഷെരീഫിന്‍റെ പിൻഗാമിയെന്നാണ് ഷഹബാസിനെ പാർട്ടി വിശേഷിപ്പിച്ചത്. നവാസ് ഷെരീഫിനെ പാക് സുപ്രീം കോടതി അയോഗ്യനാക്കിയതോടെയാണ് പി.എം.എൽ−എൻ പുതിയ അദ്ധ്യക്ഷനെ തിരഞ്ഞെടുത്തത്. നവാസ് തന്നെയാണ് അനുജന്‍റെ പേര് നിർദേശിച്ചത്. നൂറംഗങ്ങളുള്ള വർക്കിംഗ് കമ്മിറ്റിയിൽ ഇതിന് എതിരഭിപ്രായമുണ്ടായിരുന്നില്ല.