രാ­സാ­യു­ധങ്ങൾ നി­ർ­മ്മി­ക്കാൻ സി­റി­യക്ക് ഉത്തരകൊ­റി­യ സഹാ­യം നൽ­കു­ന്നു­


ഡമാസ്്ക്കസ് : സിറിയയിൽ രാസായുധങ്ങൾ നിർമിക്കുന്നതിന് ഉത്തരകൊറിയ സഹായിക്കുന്നുണ്ടെന്ന് റിപ്പോർട്ട്. രാസായുധ നിർമാണത്തിന് ആവശ്യമായ ഉപകരണങ്ങളും മറ്റു സാധനങ്ങളും ഉത്തരകൊറിയ നൽകുന്നുണ്ടെന്നാണ് കണ്ടെത്തൽ. അമേരിക്കൻ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വിവരം വ്യക്തമാക്കിയിരിക്കുന്നത്. 

ആസിഡ് പ്രതിരോധ ടൈലുകൾ, വാൽവുകൾ, പൈപ്പുകൾ തുടങ്ങിയവയാണ് ഉത്തരകൊറിയ സിറിയയ്ക്ക് കൈമാറുന്നതെന്നാണ് വിവരം. സിറിയൻ ആയുധ നിർമാണവും ഇതിനുള്ള ഭൗതിക സാഹചര്യങ്ങളും ഉത്തരകൊറിയൻ മിസൈൽ വിദഗ്ധൻ പരിശോധിച്ചെന്നും റിപ്പോർട്ടിലുണ്ട്. അതേസമയം, റിപ്പോർട്ട് ഇതുവരെ പുറത്തുവിട്ടിട്ടില്ല.

അതേസമയം സിറിയൻ തലസ്ഥാനമായ ഡമാസ്കസ് പ്രാന്തത്തിലുള്ള ഈേസ്റ്റൺ ഗൂട്ടായിൽ ഇന്നലെയും വ്യോമാക്രമണവും പീരങ്കി ആക്രമണവും നടന്നു. ഇന്നലെ മുതൽ ദിവസേന അഞ്ചു മണിക്കൂർ വെടിനിർത്തുമെന്നു റഷ്യ പ്രഖ്യാപിച്ചെങ്കിലും നടപ്പിലായില്ല. ഈേസ്റ്റൺഗൂട്ടായിൽ കുടുങ്ങിയിട്ടുള്ള സിവിലിയന്മാരെ ഒഴിപ്പിക്കുന്നതിനും അവർക്ക് ജീവകാരുണ്യ സഹായം എത്തിക്കുന്നതിനുമായാണ് രാവിലെ ഒന്പതു മുതൽ ഉച്ചകഴിഞ്ഞു രണ്ടുവരെ ആക്രമണം നിർത്തിവയ്ക്കാൻ തീരുമാനിച്ചത്. 

സിവിലിയന്മാർക്ക് ഒഴിഞ്ഞു പോകാനായി തയാറാക്കിയ ഇടനാഴിക്കു നേരെ വിമതർ ഷെല്ലാക്രമണം നടത്തിയെന്നു റഷ്യ ആരോപിച്ചു. സിവിലിയന്മാരെ മനുഷ്യപ്പരിചകളായി ഉപയോഗിക്കാനാണ് ഈേസ്റ്റൺ ഗൂട്ടായിൽ കഴിയുന്ന അൽക്വയ്ദബന്ധമുള്ള ഭീകരരുടെ ശ്രമമെന്ന് സനാ വാർത്താ ഏജൻസി പറഞ്ഞു. മുപ്പതു ദിവസത്തെ വെടിനിർത്തലിനു രക്ഷാസമിതി ആഹ്വാനം ചെയ്തെങ്കിലും ഇതുവരെ നടപ്പാക്കാനായിട്ടില്ല.

കൂടാതെ ഐക്യരാഷ്‌ട്രസഭയുടെയും മറ്റു അന്താരാഷ്‌ട്ര സംഘടനകളുടെയും പേരിൽ സിറിയയിൽ ജീവകാരുണ്യ പ്രവർത്തനം നടത്തുന്നവർ അഭയാർത്ഥി വനിതകളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതായും റിപ്പോർട്ടുകളുണ്ട്. വോയ്സ് ഫ്രം ദി സിറിയ 2018 എന്ന പേരിൽ ബി.ബി.സി അവതരിപ്പിച്ച റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ.

ഭക്ഷണവും മരുന്നുമുൾപ്പെടെയുള്ളവ നൽകുന്നതിന് പ്രത്യുപകരമായി അഭയാർത്ഥി വനിതകളെ സന്നദ്ധ സംഘടനാപ്രവർത്തകർ ലൈംഗിക ബന്ധത്തിലേർപ്പെടാൻ പ്രേരിപ്പിക്കുകയാണെന്നു റിപ്പോർട്ട്. ചൂഷണവും മാനഹാനിയും ഭയന്ന് ഭൂരിഭാഗം അഭയാർത്ഥി വനിതകളും സഹായം പറ്റാൻ പോകാറില്ലെന്നും റിപ്പോർട്ടിൽ പറ‍യുന്നു. അതേസമയം റിപ്പോർട്ടിൽ പരമർശിക്കുന്ന തരത്തിലുള്ള സംഭവങ്ങളൊന്നും ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും ഒരു തരത്തിലുള്ള ചൂഷണങ്ങളും അനുവദിക്കില്ലെന്നും യു.എൻ പ്രതികരിച്ചു. 

You might also like

Most Viewed