ജർമ്മനിയിൽ ഡീസൽ കാറുകൾക്ക് വിലക്ക്

ബെർലിൻ : ജർമ്‍മനിയിലെ പ്രധാന നഗരങ്ങളിൽ ഡീസൽ കാറുകൾ വിലക്കാൻ കോടതി ഉത്തരവ്. ഡീസൽ കാറുകൾ അമിത മലിനീകരണം സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് ജർമ്‍മനി ഫെഡറൽ അഡ്മിനിസ്ട്രേറ്റീവ് കോടതി വിലക്കേർപ്പെടുത്താൻ ഉത്തരവിട്ടത്. നേരത്തെ സ്റ്റുറ്റ്ഗാർട്ട് ഡുസ്സൽഡോർഫ് കീഴ്ക്കോടതികൾ കാറുകൾക്ക് വിലക്കേർപ്പെടുത്തികൊണ്ട് ഉത്തരവിറക്കിയിരുന്നു. എന്നാൽ സർക്കാർ കീഴ്ക്കോടതി വിധിക്കെതിരെ മേൽക്കോടതിയെ സമീപിക്കുകയായിരുന്നു.
യൂറോപ്പിലെ ഏറ്റവും വലിയ കാർവിപണിക്ക് കനത്തതിരിച്ചടിയാണ് കോടതിവിധി. അതേസമയം, ജർമ്‍മനിയിലെ പരിസ്ഥിതി പ്രവർത്തകർ വിധിയെ സ്വാഗതം ചെയ്തു. ഡീസൽ കാറുകൾക്ക് വിലക്കേർപ്പെടുത്തണമെന്ന് ആഗോളതലത്തിൽ തന്നെ ശക്തമായ ആവശ്യം ഉയർന്നുകൊണ്ടിരിക്കുകയാണ്.