ട്രംപ് അധികനാൾ അധികാരത്തിൽ തുടരില്ലെന്ന് പ്രവചനം

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അധികനാൾ അധികാരത്തിൽ തുടരില്ലെന്ന് പ്രവചനം. റൊണാൾഡ് ഫെൻമാൻ എന്നയാളാണ് ഇക്കാര്യം പ്രവചിച്ചത്. ഫ്ളോറിഡയിലെ അറ്റ്ലാന്‍റിക് സർവകലാശാലയിലെ ചരിത്രകാരനാണ് ഇദ്ദേഹം. തന്‍റെ ബ്ലോഗിലൂടെയാണ് അദ്ദേഹം ഇക്കാര്യം പുറത്തുവിട്ടത്. മറ്റ് രാജ്യങ്ങളോടും രാഷ്ട്രത്തലവന്മാരോടും ഒക്കെയുള്ള ട്രംപിന്‍റെ നിലപാടുകൾ ചൂണ്ടിക്കാട്ടിയാണ് ഫെൻമാൻ ഇത്തരത്തിലൊരു പ്രവചനം നടത്തിയത്. ട്രംപിന് പ്രസിഡന്‍റ് സ്ഥാനം ഒഴിയേണ്ടി വന്നാൽ, വൈസ്പ്രസിഡന്‍റ് മൈക്ക് പെൻസ് ആ സ്ഥാനം ഏറ്റെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. അമേരിക്കൻ ചരിത്രത്തിൽ ഏറ്റവും കുറവ് കാലം ഭരണത്തിലിരുന്ന വ്യക്തികളിലൊരാലായി ട്രംപ് മാറുമെന്നാണ് ഫെൻമാൻ പ്രവചിച്ചത്. 31 ദിവസം മാത്രം പ്രസിഡന്‍റു പദം അലങ്കരിച്ച വില്യം ഹെന്‍റ്റി ഹാരിസണാണ് അമേരിക്കൻ ചരിത്രത്തിൽ ഏറ്റുവും കുറച്ചുകാലം ആ പദവിയിലിരുന്നത്. എന്നാൽ അത് മറികടക്കാൻ ട്രംപിന് ഇനി ഒരു ദിനം കൂടി മതി. അതിനാൽ ആ 'റിക്കാർഡ്' തകരില്ലെന്നുറപ്പാണ്. എന്നാൽ 1881ൽ 199 ദിവസം മാത്രം പ്രസിഡന്‍റു പദം അലങ്കരിച്ച ഗാർഫീൽഡാണ് രണ്ടാമൻ. ഈ രണ്ടാം സ്ഥാനത്തേക്ക് ട്രംപ് എത്തുമെന്നാണ് ഫെൻമാന്‍റെ പ്രവചനം. മൂന്നു ഖണ്ഡികകളിൽ രേഖപ്പെടുത്തിയിട്ടുള്ള ഫെൻമാന്‍റെ ബ്ലോഗ് പോസ്റ്റ് ഇതിനോടകം തന്നെ അമേരിക്കൻ ഭരണതലങ്ങളിൽ ചർച്ചയായിക്കഴിഞ്ഞതായാണ് വിവരങ്ങൾ.