പാക്കിസ്ഥാനിൽ ഹിന്ദു വിവാഹ നിയമം പാസാക്കി

ഇസ്ലാമാബാദ് : ഏറെ നാളത്തെ ആവശ്യം പരിഗണിച്ച് പാക്കിസ്ഥാനിലെ ഹിന്ദുമത വിശ്വാസികൾക്കായി സെനറ്റ് ഹിന്ദു വിവാഹ നിയമ ബിൽ പാസാക്കി. പാക് നിയമമന്ത്രി സഹീദ് ഹമീദാണ് ബിൽ സെനറ്റിൽ അവതരിപ്പിച്ചത്. എതിർപ്പുകളൊന്നും കൂടാതെ സെനറ്റ് ബിൽ പാസാക്കി. പ്രസിഡന്‍റിന്‍റെ അനുമതി കൂടി ലഭിക്കുന്നതോടെ ഇതു നിയമമായി മാറും.
മുസ്‌ലീം മത വിഭാഗവുമായി നിയമത്തിന് യാതൊരു ബന്ധവുമില്ലെന്നും പാക്കിസ്ഥാനിൽ ജീവിക്കുന്ന ഹിന്ദുക്കളുമായി മാത്രം ബന്ധപ്പെട്ടതാണ് നിയമമെന്നുമാണ് ഭൂരിഭാഗം സെനറ്റംഗങ്ങളുടെയും അഭിപ്രായം. പാക്കിസ്ഥാനിലെ എല്ലാ പ്രവിശ്യകളിലും നിയമത്തിനു പ്രാബല്യമുണ്ട്. വിവാഹവും രജിസ്ട്രേഷനും മോചനവുമായി ബന്ധപ്പെട്ടതാണ് നിയമത്തിന്‍റെ ഉള്ളടക്കം.