വിക്കിപീഡിയയ്ക്ക് 15 വയസ്

വിവരശേഖരണത്തിനായി ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന വെബ്‌സൈറ്റുകളില്‍ ഒന്നായ വിക്കിപീഡിയയ്ക്ക് ഇന്ന് 15 വയസ്. സംശയങ്ങള്‍ക്കും സാമ്പത്തിക പ്രശ്‌നങ്ങള്‍ക്കും പരിഹാരം നല്‍കി ലോകത്തിലെ ഏറ്റവും വലിയ വിജ്ഞാനകോശം എന്ന പദവിയിലേക്ക് വിക്കിപീഡിയ ഇന്ന് എത്തിച്ചേര്‍ന്നിരിക്കുകയാണ്.
2001 ജനുവരി 15 ന് ആരംഭിച്ച, അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന വെബ്‌സൈറ്റും സര്‍വ്വവിജ്ഞാനകോശവും ആണ് വിക്കിപീഡിയ. വിക്കിപീഡിയയുടെ ഉള്ളടക്കം ലോകമെമ്പാടുമുള്ള ജനങ്ങളുടെ സംയുക്ത പ്രവര്‍ത്തനത്തിന്റെ ഫലമാണ്.
വിക്കിപീഡിയയുടെ 15-ആം പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ മലയാളം വിക്കിപീഡിയ സമൂഹം തലസ്ഥാനത്തും പിറന്നാളാഘോഷം നടത്തുന്നു. തിരുവനന്തപുരം കേസരി സ്മാരകഹാളില്‍ കേരള ഐടി മിഷന്‍ ഡയറക്ടര്‍ കെ. മുഹമ്മദ് വൈ. സഫിറുള്ള ഐഎഎസ് ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തില്‍ വെച്ച് വിവിധ വിക്കിസംരംഭങ്ങളെ ജനങ്ങള്‍ക്കു പരിചയപ്പെടുത്തുകയും വിക്കിപീഡിയയില്‍ ഉള്ളടക്കം ചേര്‍ക്കുന്നതിനുള്ള പരിശീലനവും നല്‍കും. വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും പരിപാടിയില്‍ പങ്കെടുക്കാം.
നൂപീഡിയ എന്ന സ്വതന്ത്ര വിജ്ഞാനകോശത്തിന്റെ അനുബന്ധ സംവിധാനമായാണ് 2000-ല്‍ വിക്കിപീഡിയ ആരംഭിച്ചത്. നൂപീഡിയയുടെ ലേഖകരില്‍ നിന്നും അഭ്യുദയകാംക്ഷികളില്‍ നിന്നും ഉണ്ടായ എതിര്‍പ്പു മൂലം ജനുവരി 15-ആം തീയതി വിക്കിപീഡിയ സ്വന്തം ഡൊമൈനില്‍ വിക്കിപീഡിയ.കോമില്‍ പുറത്തിറങ്ങി. 2001 മെയില്‍ ഇംഗ്ലീഷ് ഇതര വിക്കിപീഡിയകള്‍ ആദ്യമായി പുറത്തിറങ്ങി. 2002 ഡിസംബര്‍ 21 -ന് ആണ് മലയാളം വിക്കിപീഡിയ പിറന്നു വീണത്.