പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇംറാൻ ഖാന് സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് നാമനിർദേശം

ഇസ്‍ലാമാബാദ്: പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇംറാൻ ഖാന് സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് നാമനിർദേശം. കഴിഞ്ഞ ഡിസംബറിൽ സ്ഥാപിതമായ പാകിസ്താൻ വേൾഡ് അലയൻസ് (പി.ഡബ്ല്യു.എ) അംഗങ്ങളും നോർവീജിയൻ രാഷ്ട്രീയ പാർട്ടിയായ പാർട്ടിയറ്റ് സെൻട്രമിൽ നിന്നുള്ളവരുമാണ് ഇംറാൻ ഖാനെ നാമനിർദ്ദേശം ചെയ്തതായി പ്രഖ്യാപിച്ചത്.
മനുഷ്യാവകാശങ്ങൾക്കും ജനാധിപത്യത്തിനും വേണ്ടിയുള്ള പ്രവർത്തനങ്ങൾക്കായാണ് നാമനിർദേശം. ദക്ഷിണേഷ്യയിൽ സമാധാനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് 2019 ൽ ഇംറാൻ ഖാൻ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു. എല്ലാ വർഷവും നോർവീജിയൻ നൊബേൽ കമ്മിറ്റിക്ക് നൂറുകണക്കിന് നോമിനേഷനുകൾ ലഭിക്കുകയും എട്ട് മാസത്തെ നീണ്ട പ്രക്രിയയിലൂടെ വിജയിയെ തെരഞ്ഞെടുക്കുകയുമാണ് ചെയ്യുന്നത്.
പാകിസ്താനിലെ പ്രധാന പ്രതിപക്ഷ പാർട്ടിയായ പാകിസ്താൻ തഹരീകെ ഇൻസാഫിന്‍റെ സ്ഥാപകനാണ് ഇംറാൻ ഖാൻ. 2023 ആഗസ്റ്റ് മുതൽ ജയിലിലാണ്. അധികാര ദുർവിനിയോഗവും അഴിമതിയും സംബന്ധിച്ച കേസിൽ ജനുവരിയിൽ അദ്ദേഹത്തിന് 14 വർഷം തടവ് ശിക്ഷ വിധിച്ചു. ഇംറാൻ ഖാൻ ശിക്ഷിക്കപ്പെട്ട നാലാമത്തെ പ്രധാന കേസായിരുന്നു ഇത്.