ഉക്രയ്‌നിൽ 30 ദിവസത്തെ വെടിനിർത്തൽ തത്വത്തിൽ അംഗീകരിച്ച് റഷ്യൻ പ്രസിഡന്റ്

മോസ്കോ: ഉക്രയ്‌നിൽ 30 ദിവസത്തെ വെടിനിർത്തലെന്ന അമേരിക്കൻ നിർദേശത്തെ തത്വത്തിൽ അംഗീകരിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുടിൻ. എന്നാൽ യുദ്ധം തുടങ്ങാൻ കാരണമായ അടിസ്ഥാന കാരണങ്ങൾ പരിഹരിക്കപ്പെടണമെന്നും, വെടിനിർത്തൽ നിബന്ധനകളിൽ ചില മാറ്റങ്ങൾ വേണ്ടിവരുമെന്നും പുടിൻ പറഞ്ഞു.
മോസ്കോയിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫുമായി കൂടിക്കാഴ്‌ച നടത്തുന്നതിന് മുന്നോടിയായി വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പുടിൻ. അമേരിക്കൻ സംഘവുമായി കൂടുതൽ ചർച്ചകൾ ആവശ്യമാണ്. വെടിനിർത്തൽ കരാർ ലംഘിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ സംവിധാനം വേണം. വെടിനിർത്തൽ കാലയളവ് ഉക്രയ്ൻ സൈന്യത്തിന് പുനഃസംഘടിക്കാൻ അവസരം നൽകുന്നോ എന്നും പരിശോധിക്കണം. വെടിനിർത്തൽ കാലയളവിൽ നാറ്റോ രാജ്യങ്ങളിൽനിന്നുള്ള സമാധാനസേനയെ അംഗീകരിക്കില്ലെന്നും പുടിൻ പറഞ്ഞു.
കുർസ്ക്ക് മേഖലയിലെ റഷ്യൻ മുന്നേറ്റത്തിന് തടയിടാനാണ് ഉക്രയ്ൻ വെടിനിർത്തലിന് സന്നദ്ധരായതെന്ന ആശങ്കയും പുടിൻ പങ്കുവച്ചു. അതേസമയം, കുർസ്‌കിലെ ഏറ്റവും വലിയ നഗരം സൂഡ്ഷ പിടിച്ചെടുത്തതായി റഷ്യ അവകാശപ്പെട്ടു. ഇവിടെനിന്ന് ഉക്രയ്ൻ സൈന്യത്തെ പൂർണമായും തുരത്തി.
sdfsdf