ഗസ്സയിൽ രണ്ടാംഘട്ട വെടിനിർത്തൽ അനിശ്ചിതത്വത്തിൽ; 620 ഫലസ്തീനികളെ വിട്ടയക്കാതെ ഇസ്രായേൽ


ഗസ്സയിൽ രണ്ടാംഘട്ട വെടിനിർത്തൽ അനിശ്ചിതത്വത്തിൽ. ശനിയാഴ്ച ആറ് ബന്ദികളെ കൂടി ഇസ്രായേലിന് ഹമാസ് കൈമാറിയെങ്കിലും പകരം 620 ഫലസ്തീൻ തടവുകാരെ വിട്ടയക്കുന്നത് വൈകുകയാണ്. രാത്രി ചേർന്ന ഇസ്രായേൽ സുരക്ഷാ മന്ത്രിസഭാ യോഗം, തടവുകാരെ വിട്ടയക്കുന്നത് വൈകിക്കാനാണ് തീരുമാനിച്ചതെന്ന് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇസ്രായേൽ നടപടി വെടിനിർത്തൽ കരാറിന്‍റെ നഗ്നമായ ലംഘനമാണെന്ന് ഹമാസ് കുറ്റപ്പെടുത്തി. ഉറ്റവരെ സ്വീകരിക്കാൻ ഗസ്സയിലും മറ്റും കാത്തിരുന്ന ആയിരങ്ങളാണ് നിരാശയോടെ മടങ്ങിയത്. 620 ഫലസ്തീൻ തടവുകാരെയാണ് കരാർ പ്രകാരം ഇസ്രായേൽ ഇന്നലെ മോചിപ്പിക്കേണ്ടത്.

കഴിഞ്ഞ ദിവസം കൈമാറിയ മൃതദേഹം ഇസ്രായേൽ ബന്ദി ഷീറീ ബിബാസിന്‍റേതല്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആരോപിച്ചിരുന്നു. എന്നാൽ, ഹമാസ് ആരോപണം തള്ളി. ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട മറ്റു ചിലരുടെ മൃതദേഹ ഭാഗങ്ങൾ കൂടി ഇതിൽ കലർന്നിരിക്കാമെന്നും ഹമാസ് വ്യക്തമാക്കി. ഷീറീ ബിബാസിന്‍റെയും കൊല്ലപ്പെട്ട മറ്റു ബന്ദികളുടെയും മൃതദേഹങ്ങൾ വ്യാഴാഴ്ചക്കു മുമ്പ് ലഭിക്കണമെന്നാണ് ഇസ്രായേൽ മധ്യസ്ഥ രാജ്യങ്ങളെ അറിയിച്ചതെന്ന് റിപ്പോർട്ടുണ്ട്. 73 ബന്ദികൾ കൂടി ഇനി ഹമാസ് പിടിയിലുണ്ടെന്ന് നെതന്യാഹു പറഞ്ഞു. ഇവരെ തിരിച്ചെത്തിക്കാൻ എല്ലാ നീക്കവും തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ടാംഘട്ട വെടിനിർത്തൽ ചർച്ച വഴിമുട്ടിയത് മധ്യസ്ഥ രാജ്യങ്ങളെയും പ്രതിസന്ധിയിലാക്കി. പൂർണ യുദ്ധവിരാമവും സൈനിക പിൻമാറ്റവും ഉറപ്പാക്കിയാൽ ബന്ദികളെ ഒരുമിച്ച് കൈമാറാമെന്ന് ഹമാസ് പ്രഖ്യാപിച്ചെങ്കിലും ഇസ്രായേൽ ഇത് അംഗീകരിച്ചിട്ടില്ല. അതിനിടെ, വെസ്റ്റ് ബാങ്കിലേക്ക് സൈനിക ടാങ്കുകൾ എത്തിച്ച് വ്യാപക ആക്രമണത്തിനുള്ള ഒരുക്കത്തിലാണ് ഇസ്രായേൽ.

article-image

xdsdsesd

You might also like

Most Viewed