'ഇന്ത്യയുമായി അതിശയകരമായ വ്യാപാര ഇടപാടുകൾ നടത്തും'; മോദിയുമായുള്ള കൂടിക്കാഴ്ചയിൽ ട്രംപ്

അമേരിക്ക ഇന്ത്യയുമായി അതിശയകരമായ വ്യാപാര ഇടപാടുകൾ നടത്താൻ പോകുന്നുവെന്ന് അമേരിക്കൻ പ്രസിഡൻ്റ് ട്രംപ്. വൈറ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം നരേന്ദ്ര മോദിയും ഡൊണാൾഡ് ട്രംപും നടത്തിയ സംയുക്ത പ്രസ്താവനയിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്. ഇരുരാജ്യങ്ങൾക്കുമിടയിലെ മികച്ച സാമ്പത്തിക സഹകരണത്തിൽ പ്രതിജ്ഞാബദ്ധരാണെന്നും സംയുക്ത പ്രസ്താവനയിൽ ഇരുനേതാക്കളും വ്യക്തമാക്കി.
പരസ്പര താരിഫുകൾ സംബന്ധിച്ച് ട്രംപ് പ്രസ്താവന നടത്തി മണിക്കൂറുകൾക്കകമായിരുന്നു വൈറ്റ് ഹൗസിൽ ഇരുനേതാക്കളും തമ്മിൽ കൂടിക്കാഴ്ച നടന്നത്. അമേരിക്ക ഇന്ത്യയുമായി അതിശയകരമായ വ്യാപാര ഇടപാടുകൾ നടത്താൻ പോകുന്നുവെന്ന് കൂടിക്കാഴ്ചയ്ക്കിടെ ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ വ്യാപാര ഇടനാഴി ഉണ്ടാക്കാനായി ചേർന്ന് പ്രവർത്തിക്കാൻ ഞങ്ങൾ തീരുമാനിച്ചു. ഇന്ത്യയിൽ നിന്നും ആരംഭിച്ച് ഇസ്രയേലിലൂടെ അമേരിക്കയിലെത്തുന്നതാണ് വ്യാപാഴ ഇടനാഴി. എല്ലാ സഖ്യരാജ്യങ്ങളെയും റോഡ്, റെയിൽ, സമുദ്രാന്തര കേബിളുകൾ എന്നിവവഴി പരസ്പരം ബന്ധിക്കുന്നതാവും ഇടനാഴി. ഇത് വലിയൊരു മുന്നേറ്റമായിരിക്കും, ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി.
അമേരിക്കയും ഇന്ത്യയും തമ്മിൽ ഊർജ്ജ വ്യാപാര രംഗത്ത് ശ്രദ്ധേയമായ കരാറിൽ എത്തിച്ചേർന്നെന്നും അമേരിക്കൻ പ്രസിഡൻ്റ് വ്യക്തമാക്കി. ഈ ധാരണയോടെ എണ്ണയും പ്രകൃതിവാതകവും ഇന്ത്യയിലേയ്ക്ക് ഇറക്കുമതി ചെയ്യുന്ന ഏറ്റവും പ്രധാനപ്പെട്ട പങ്കാളിയായി അമേരിക്ക മാറും. നമ്മുടെ എണ്ണയും വാതകവും ഇന്ത്യ ധാരാളമായി വാങ്ങാൻ പോകുന്നു. ഇന്ത്യയും അമേരിക്കയുമായി അതിശയകരമായ ചില വ്യാപാര കരാറുകൾ ഞങ്ങൾ ഉണ്ടാക്കാൻ പോകുകയാണ് എന്നും ട്രംപ് പ്രതികരിച്ചു. അമേരിക്കൻ ആണവ വ്യവസായത്തിനായും ഇന്ത്യൻ വിപണി തുറക്കുമെന്ന സൂചനയും ട്രംപ് നൽകി. യുഎസ് ആണവ സാങ്കേതികവിദ്യയുടെ പ്രവേശനം സുഗമമാകുന്നതിന് ഇന്ത്യയും അതിൻ്റെ നിയമങ്ങൾ പരിഷ്കരിക്കുന്നുവെന്നും ട്രംപ് വ്യക്തമാക്കി.വൈറ്റ്ഹൗസിലെത്തി ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയിൽ മോദിക്കൊപ്പം വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ഉണ്ടായിരുന്നു.
SERGGFGFDF