യുഎസിലെ അലാസ്‌കയിൽ വച്ച് കാണാതായ വിമാനം കണ്ടെത്തി; പത്ത് പേരും മരിച്ച നിലയിൽ
വാഷിങ്ടൺ: യുഎസിലെ അലാസ്‌കയിൽ വച്ച് കാണാതായ വിമാനം കണ്ടെത്തി. അലാസ്കയുടെ പടിഞ്ഞാറൻ തീരത്തെ മഞ്ഞുപാളികളിൽ നിന്ന് തകർന്ന് വീണ നിലയിലാണ് വിമാനം കണ്ടെത്തിയത്. വിമാനത്തിലുണ്ടായിരുന്ന പത്ത് പേരും മരിച്ച നിലയിലാണ്.
വ്യാഴാഴ്ച ഉനലക്ലീറ്റിൽ നിന്ന് നോമിലേക്ക് പോയ വിമാനമാണ് അപകടത്തിൽപ്പെട്ടത്. ഒൻപത് യാത്രക്കാരും ഒരു പൈലറ്റും ഉണ്ടായിരുന്ന ബെറിങ് എയറിൻ്റെ സെസ കാരവൻ ക്രാഫ്റ്റായിരുന്നു ഇത്. വാഴാഴ്‌ച ഉച്ച കഴിഞ്ഞ് വിമാനത്തിന്റെ സിഗ്‌നൽ നഷ്‌ടപ്പെടുകയായിരുന്നുവെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
വിമാനത്തിലുണ്ടായിരുന്ന മൂന്ന് പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞതായാണ് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്. ബാക്കി ഏഴ് പേരുടെ മൃതശരീരങ്ങൾ വിമാനത്തിലാണുള്ളതെന്നും അവർ പറഞ്ഞു. ഈ മൃതദേഹങ്ങൾ വിമാനത്തിൽ നിന്ന് പുറത്തെടുക്കാൻ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്.
യുഎസിൽ എട്ട് ദിവസങ്ങൾക്കിടെയുണ്ടായ മൂന്നാമത്തെ വലിയ വിമാന ദുരന്തമാണിത്. ജനുവരി 29ന് വാഷിങ്‌ടണിലും 31ന് ഫിലാഡൽഫിയയിലും വിമാനാപകടങ്ങളുണ്ടായിരുന്നു. വാഷിങ്ടണിൽ വിമാനവും സൈനിക ഹെലികോപ്റ്ററും കൂട്ടിയിടിച്ച് 67 പേർ മരിച്ചപ്പോൾ ഫിലാഡൽഫിയയിൽ ഏഴ് പേരാണ് മരിച്ചത്. ഈ ദിവസങ്ങൾക്കിടെ യുഎസിൽ പല ചെറു വിമാനങ്ങളും അപകടത്തിൽപ്പെട്ടിട്ടുമുണ്ട്.
sdsd