ഗാസ വിടാൻ ആഗ്രഹിക്കുന്ന പലസ്തീനികൾക്കായി പ്രത്യേക പദ്ധതി തയാറാക്കാൻ നിർദ്ദേശിച്ച് ഇസ്രേലി പ്രതിരോധ മന്ത്രി
![ഗാസ വിടാൻ ആഗ്രഹിക്കുന്ന പലസ്തീനികൾക്കായി പ്രത്യേക പദ്ധതി തയാറാക്കാൻ നിർദ്ദേശിച്ച് ഇസ്രേലി പ്രതിരോധ മന്ത്രി ഗാസ വിടാൻ ആഗ്രഹിക്കുന്ന പലസ്തീനികൾക്കായി പ്രത്യേക പദ്ധതി തയാറാക്കാൻ നിർദ്ദേശിച്ച് ഇസ്രേലി പ്രതിരോധ മന്ത്രി](https://www.4pmnewsonline.com/admin/post/upload/A_xykDp5l3qL_2025-02-07_1738932601resized_pic.jpg)
ടെൽ അവീവ്: സ്വമേധയാ ഗാസ വിടാൻ ആഗ്രഹിക്കുന്ന പലസ്തീനികൾക്കായി പ്രത്യേക പദ്ധതി തയാറാക്കാൻ ഇസ്രേലി സേനയ്ക്ക് ഇസ്രേലി പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് നിർദേശം നല്കി. പലസ്തീനികളെ പുറത്താക്കി ഗാസ മുനന്പ് ഏറ്റെടുത്ത് കടൽത്തീര സുഖവാസകേന്ദ്രം സ്ഥാപിക്കാൻ അമേരിക്ക ആഗ്രഹിക്കുന്നുവെന്ന് യുഎസ് പ്രസിഡന്‍റ് ട്രംപ് പറഞ്ഞതിനു പിന്നാലെയാണ് ഇസ്രയേലിന്‍റെ നീക്കങ്ങൾ.
കര, കടൽ, വായു മാർഗങ്ങളിലൂടെ ഗാസ വിടാൻ പലസ്തീനികൾക്ക് അവസരമൊരുക്കുന്ന പദ്ധതിയാണ് തന്‍റേതെന്ന് ഇസ്രേലി പ്രതിരോധ മന്ത്രി വിശദീകരിച്ചു. ഗാസ വിടാനുള്ള സ്വാതന്ത്ര്യം പലസ്തീനികൾക്കു നല്കണം. അവർ മറ്റു രാജ്യങ്ങളിൽ കുടിയേറട്ടെ. ഹമാസ് ഭീകരർ ഗാസ നിവാസികളെ തടവിലിട്ടിരിക്കുകയാണ്. ഗാസയ്ക്കുള്ള സഹായധനം ഹമാസ് കൊള്ളയടിക്കുകയാണ്. ഗാസയിലെ ഇസ്രേലി സൈനികനടപടികളെ എതിർക്കുന്ന സ്പെയിൻ, അയർലൻഡ്, നോർവേ പോലുള്ള രാജ്യങ്ങൾ പലസ്തീനികളെ സ്വീകരിക്കണം. ഇസ്രയേലിനെതിരേ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്ന ഈ രാജ്യങ്ങൾക്ക് ഗാസ നിവാസികളെ സ്വീകരിക്കാനുള്ള ബാധ്യതയുണ്ട്- ഇസ്രയേൽ കാറ്റ്സ് കൂട്ടിച്ചേർത്തു.
ഇസ്രേലി പ്രതിരോധ മന്ത്രിയോടു രൂക്ഷമായ ഭാഷയിലാണു സ്പെയിൻ പ്രതികരിച്ചത്. ഗാസ ജനതയുടെ ഭൂമിയാണു ഗാസയെന്നും അതു ഭാവി പലസ്തീൻ രാഷ്‌ട്രത്തിന്‍റെ ഭാഗമാണെന്നും സ്പാനിഷ് വിദേശകാര്യമന്ത്രി ഹൊസെ മാനുവൽ അൽബാരെസ് പറഞ്ഞു. ലോകശക്തികളായ റഷ്യ, ചൈന മുതലായവരും അമേരിക്കൻ സഖ്യകക്ഷികളായ, ഫ്രാൻസ്, ബ്രിട്ടൻ, ജർമനി, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളും ട്രംപിന്‍റെ ആശയം അംഗീകരിക്കാനാവില്ലെന്നു വ്യക്തമാക്കി.
അറബ് രാജ്യങ്ങളും ശക്തമായി എതിര്‌ത്തു. സൈനികാധിനിവേശം നടക്കുന്ന സ്ഥലത്തുനിന്നു ജനങ്ങളെ പുറത്താക്കുന്നത് ജനീവ കൺവൻഷൻ പ്രകാരം യുദ്ധക്കുറ്റമാണെന്നു നിയമവിദഗ്ധർ ചൂണ്ടിക്കാട്ടി. പലസ്തീനികൾക്കു ഗാസ വിടാൻ താത്പര്യമില്ലെന്ന് വാർത്താ ഏജൻസികളും റിപ്പോർട്ട് ചെയ്തു. ഇസ്രയേൽ രൂപവത്കൃതമായ 1948ലെ അവസ്ഥ തങ്ങൾക്കുണ്ടാകുമെന്നു ഗാസ നിവാസികൾ ഭയക്കുന്നു. അന്ന് ഇസ്രേലി സേന പുറത്താക്കിയ ഏഴു ലക്ഷം പലസ്തീനികളിൽ വളരെക്കുറച്ചു പേർക്കു മാത്രമേ സ്വഭൂമിയിൽ തിരിച്ചെത്താൻ കഴിഞ്ഞുള്ളൂ.
dfsdf