നിയവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കാന്‍ ആവില്ല; അമേരിക്കയെ പിന്തുണച്ച് ഇന്ത്യ
അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറിയ ഇന്ത്യക്കാരെ തിരിച്ചയച്ച സംഭവത്തില്‍ സഭയില്‍ അമേരിക്കയെ പിന്തുണച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. നിയവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കാന്‍ ആവില്ലെന്ന് ജയശങ്കര്‍ പറഞ്ഞു. തിരിച്ചെത്തുന്നവരെ ഇന്ത്യ സംരക്ഷിക്കും. അമേരിക്ക ആദ്യമായല്ല ഇന്ത്യക്കാരെ തിരിച്ചയക്കുന്നത്. 2009 മുതല്‍ തിരിച്ചയക്കുന്നുണ്ടെന്നും ജയശങ്കര്‍ പറഞ്ഞു.
2012 മുതല്‍ അമേരിക്കന്‍ വിമാനത്തില്‍ തന്നെയാണ് അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നത്. ഇത് പുതിയ സംഭവമല്ല. കൈവിലങ്ങുവെച്ചത് അമേരിക്കന്‍ സര്‍ക്കാര്‍ നയം. നാടുകടത്തിയവര്‍ക്ക് എല്ലാ സൗകര്യങ്ങളും ഉറപ്പുവരുത്തി. സ്ത്രീകളെയും കുട്ടികളെയും വിലങ്ങുവെച്ചില്ലെന്നും ജയശങ്കര്‍ ന്യായീകരിച്ചു.
104 പേരെ നാടുകടത്തിയത് ഇന്ത്യയുടെ അറിവോടെയാണ്. എല്ലാവരുടെയും പൗരത്വം ഇന്ത്യ ഉറപ്പാക്കിയിരുന്നു. അതിന് ശേഷമാണ് അമേരിക്കന്‍ വിമാനത്തിന് ലാന്‍ഡിംഗ് ക്ലിയറന്‍സ് നല്‍കിയത്. ഇവര്‍ എങ്ങനെയാണ് അമേരിക്കയിലേക്ക് പോയതെന്ന് അന്വേഷിക്കും. നിയമവിരുദ്ധ കുടിയേറ്റങ്ങള്‍ തടയണം. നയതന്ത്രപരമായി താന്‍ പറയുന്നത് ശരിയാണെന്നും ജയശങ്കര്‍ വിശദീകരിച്ചു.
എന്നാല്‍ അമേരിക്കയുടെ നടപടിയില്‍ പ്രതിപക്ഷം രൂക്ഷവിമര്‍ശനം രേഖപ്പെടുത്തി. തീവ്രവാദികളെപ്പോലെയാണോ പെരുമാറേണ്ടിയിരുന്നതെന്നാണ് കോൺഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജ്ജേവാലയുടെ ചോദ്യം. കൊളംബിയ എല്ലാവരെയും ഹൃദയം കൊണ്ടാണ് സ്വാഗതം ചെയ്യുന്നത്. അപ്പോഴാണ് ഉപജീവനം തേടിപ്പോയവരെ അമേരിക്ക തീവ്രവാദികളെപ്പോലെ പെരുമാറിയതെന്നും രണ്‍ദീപ് സുര്‍ജ്ജേവാല പറഞ്ഞു. വിഷയം കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ഡിഎംകെ പറഞ്ഞു. നാടുകടത്തല്‍ വര്‍ധിച്ചുവരികയാണെന്നും തൃണമൂല്‍ കോണ്‍ഗ്രസും ആരോപിച്ചു.
dgrydfhsd