ലോകാരോഗ്യ സംഘടനയിൽനിന്ന് അമേരിക്ക പുറത്തേക്ക്; ധനസഹായം നിർത്തും


ലോകാരോഗ്യ സംഘടനയിൽനിന്ന് (ഡബ്ല്യു.എച്ച്.ഒ) അമേരിക്ക പുറത്തേക്ക്. ഇതടക്കമുള്ള നിർണായക ഉത്തരവുകളിൽ അമേരിക്കൻ പ്രസിഡന്‍റായി അധികാരമേറ്റതിനു പിന്നാലെ ഡോണൾഡ് ട്രംപ് ഒപ്പുവെച്ചു. കോവിഡ് 19 മഹാമാരിയും മറ്റു അന്താരാഷ്ട്ര ആരോഗ്യ പ്രതിസന്ധികളും ലോകാരോഗ്യ സംഘടന തെറ്റായി കൈകാര്യം ചെയ്തെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രംപിന്‍റെ നടപടി. ഡബ്ല്യു.എച്ച്.എ അംഗരാജ്യങ്ങളുടെ രാഷ്ട്രീയ സ്വാധീനത്തിൽ നിന്ന് സ്വതന്ത്രമായി പ്രവർത്തിക്കുന്നതിൽ സംഘടന പരാജയപ്പെട്ടെന്ന് ട്രംപ് കുറ്റപ്പെടുത്തി. ഇതോടെ 12 മാസത്തിനുള്ളിൽ അമേരിക്ക സംഘടനയുടെ പുറത്താകും. സംഘടനക്കുള്ള എല്ലാ സാമ്പത്തിക സഹായങ്ങളും അവസാനിപ്പിക്കും. സംഘടനയുടെ പ്രവർത്തനത്തിനുള്ള 18 ശതമാനം ഫണ്ടും നൽകുന്നത് അമേരിക്കയാണ്. സംഘടനക്ക് ചൈനീസ് വിധേയത്വമാണെന്നും വുഹാനിൽനിന്ന് പടർന്നുപിടിച്ച കോവിഡ് വ്യാപനത്തിൽ കൃത്യമായ നടപടികൾ സ്വീകരിക്കാൻ തയാറായില്ലെന്നുമാണ് പ്രധാന ആരോപണം.

കാപിറ്റോൾ കലാപകാരികൾക്ക് മാപ്പ് നൽകുന്ന ഉത്തരവിലും പാരിസ് കാലാവസ്ഥ ഉടമ്പടിയിൽനിന്ന് അമേരിക്ക പിന്മാറുന്ന ഉത്തരവിലും ട്രംപ് ഒപ്പുവെച്ചിട്ടുണ്ട്. ജോ ബൈഡൻ പ്രസിഡന്റാവുന്നത് തടയാൻ 2021 ജനുവരി ആറാം തീയതിയാണ് കലാപകാരികൾ കാപ്പിറ്റോൾ കെട്ടിടത്തിലേക്ക് ഇരച്ചു കയറി നാശനഷ്ടങ്ങൾ വരുത്തിയത്. കേസിൽ കുറ്റക്കാരായ 1500 പേർക്കാണ് ട്രംപ് അധികാരമേറ്റശേഷമുള്ള ആദ്യ ഉത്തരവിൽ ഒപ്പുവെച്ചത്. അവർ ബന്ദികളാണെന്നും കേസിൽ കുറ്റക്കാരായ 1500 പേർക്കും മാപ്പ് നൽകുന്നതായും ട്രംപ് പ്രഖ്യാപിച്ചു. ഇന്ന് രാത്രി തന്നെ അവർക്ക് പുറത്തിറങ്ങാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, രണ്ടാം തവണയാണ് അമേരിക്ക പാരിസ് കാലാവസ്ഥ ഉടമ്പടിയിൽനിന്ന് പിന്മാറുന്നത്. കരാറിൽനിന്ന് പിന്മാറുന്നതായി അറിയിച്ച് ഐക്യരാഷ്ട്ര സഭക്ക് ഔദ്യോഗികമായി നൽകുന്ന കത്തിൽ ട്രംപ് ഒപ്പുവെച്ചു. കാലാവസ്ഥാ വ്യതിയാനവും അതിന്‍റെ പ്രതികൂല പ്രത്യാഘാതങ്ങളും നേരിടാൻ, പാരീസിൽ നടന്ന യു.എൻ കാലാവസ്ഥാ വ്യതിയാന കോൺഫറൻസിലാണ് ലോക നേതാക്കൾ 2015 ഡിസംബർ 12ന് ചരിത്രപരമായ പാരീസ് ഉടമ്പടിയിലെത്തിയത്. അനധികൃത കുടിയേറ്റം തടയാൻ മെക്സിക്കൻ അതിർത്തിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയാണെന്ന് സത്യപ്രതിജ്ഞക്കുശേഷം ഉദ്ഘാടന പ്രഭാഷണത്തിൽ ട്രംപ് പറഞ്ഞിരുന്നു. സ്വന്തം അതിർത്തി സംരക്ഷിക്കാൻ കഴിയാത്ത ബൈഡൻ ഭരണകൂടത്തിനെതിരെ ശക്തമായ വിമർശനമാണ് അദ്ദേഹം ഉന്നയിച്ചത്.

article-image

EDSSDDSDA

You might also like

Most Viewed