ഗസ്സ പൊലീസ് മേധാവിയെ ഇസ്രായേൽ കൊലപ്പെടുത്തി
ഗസ്സ പൊലീസ് ഡയറക്ടർ ജനറൽ മഹ്മൂദ് സലാഹിനെ കൊലപ്പെടുത്തി ഇസ്രായേൽ. തെക്കൻ ഗസ്സയിലെ ‘സുരക്ഷിത മേഖല’യായി ഇസ്രായേൽ നിർദേശിച്ച അൽ-മവാസി അഭയാർഥി ടെൻറുകൾക്ക് നേരെ യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിലാണ് ഇദ്ദേഹം കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി നടന്ന ആക്രമണത്തിൽ ഇദ്ദേഹം അടക്കം 11 പേരാണ് കൊല്ലപ്പെട്ടത്. പൊലീസ് മേധാവിയുടെ സഹായി ഹുസാം മുസ്തഫ ഷവാനും ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഫലസ്തീൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതേസമയം, ജബാലിയയിലെ അഭയാർഥി ക്യാമ്പുകളിൽ ബുധനാഴ്ച പുലർച്ച നടത്തിയ ആക്രമണങ്ങളിൽ മരണം 17 ആയി. കൊല്ലപ്പെട്ടവരിലേറെയും കുട്ടികളും സ്ത്രീകളുമാണ്. മധ്യ ഗസ്സയിലെ ബുറൈജ് അഭയാർഥി ക്യാമ്പിൽ ബോംബിട്ട് കുഞ്ഞിനെയും ഇസ്രായേൽ വധിച്ചു. ഒക്ടോബർ ആറു മുതൽ കടുത്ത ഉപരോധം തുടരുന്ന വടക്കൻ ഗസ്സയിൽ ജബാലിയ, ബൈത് ലാഹിയ എന്നിവിടങ്ങളിൽ കൂട്ടമായി വീടുകൾ നശിപ്പിക്കുന്നതും തുടരുകയാണ്. വടക്കൻ ഗസ്സയിൽ എല്ലാവരെയും ഒഴിപ്പിച്ച് കരുതൽ മേഖലയാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി. ഗസ്സയിൽ അതിശൈത്യത്തിനൊപ്പം ശക്തമായ മഴയും കാറ്റുമെത്തിയത് ക്യാമ്പുകളിലെ ജീവിതം കൂടുതൽ ദുസ്സഹമാക്കി. ഗസ്സ സിറ്റി, ദക്ഷിണ ഖാൻ യൂനുസ്, ദെയ്റുൽ ബലഹ് എന്നിവിടങ്ങളിൽ കനത്തമഴയിൽ ജലനിരപ്പുയർന്നത് 1500ലേറെ തമ്പുകൾ താമസിക്കാനാവാത്തതാക്കി. കടുത്തഭക്ഷ്യക്ഷാമം നിലനിൽക്കുന്നതിനിടെയാണ് അതിശൈത്യവും പിടിമുറുക്കിയത്. ഗസ്സയിലേക്ക് പ്രതിദിനം 500ലേറെ ട്രക്കുകൾ ആവശ്യമായിടത്ത് ഒരു മാസത്തിനിടെ 160 ഭക്ഷ്യ ട്രക്കുകളാണ് അതിർത്തി കടക്കാൻ അനുവദിച്ചതെന്ന് യു.എൻ മാനുഷിക ഏജൻസി അറിയിച്ചു.
AESWDFSFGFG