വെസ്റ്റ്ബാങ്കിൽ ‘അൽജസീറ ചാനൽ പൂട്ടാൻ ഉത്തരവിട്ട് ഫലസ്തീൻ അതോറിറ്റി
അധിനിവേശ വെസ്റ്റ്ബാങ്കിലെ ‘അൽജസീറ’ ചാനലിന്റെ പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ ഉത്തരവിട്ട് ഫലസ്തീൻ അതോറിറ്റി. ഇസ്രായേൽ അധിനിവേശ സേന ഫലസ്തീനിൽ നടത്തുന്ന ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങൾ ലോകത്തിന് മുന്നിലെത്തിക്കുന്ന ചാനലിനാണ് നിരോധനം ഏർപ്പെടുത്തുന്നത്. ഇസ്രായേൽ ഭരണകൂടം ചാനലിന് എതിരെ സ്വീകരിക്കുന്ന നിലപാടിന് സമാനമാണിതെന്നും തീരുമാനം പുനഃപരിശോധിക്കണമെന്നും ചാനൽ അധികൃതർ ആവശ്യപ്പെട്ടു.
നേരത്തെ, ഇസ്രായേലിൽ ചാനലിന് നിരോധനം ഏർപ്പെടുത്തുകയും റാമല്ലയിലെ ഓഫിസ് അടച്ചുപൂട്ടുകയും ചെയ്തിരുന്നു. രാജ്യത്ത് കലഹമുണ്ടാക്കുന്ന റിപ്പോർട്ടുകൾ സംപ്രേക്ഷണം ചെയ്യുന്നതായി ആരോപിച്ചാണ് ചാനലിന് താൽക്കാലിക നിരോധനം ഏർപ്പെടുത്താൻ തീരുമാനിച്ചതെന്ന് ഫലസ്തീൻ ഔദ്യോഗിക വാർത്താ ഏജൻസി ‘വഫ’ റിപ്പോർട്ട് ചെയ്തു. ആഭ്യന്തര, വാർത്താവിനിമയ, സാംസ്കാരിക മന്ത്രാലയങ്ങളുടെ മന്ത്രിതല സമിതി ബുധനാഴ്ചയാണ് തീരുമാനം പ്രഖ്യാപിച്ചത്. നേരത്തെ, ഫലസ്തീൻ അതോറിറ്റിയിൽ ഭൂരിപക്ഷമുള്ള ‘ഫതഹ്’ പാർട്ടി അധിനിവേശ വെസ്റ്റ് ബാങ്കിലെ ജെനിൻ ഗവർണറേറ്റിൽ അൽ ജസീറയെ വിലക്കിയിരുന്നു. ഡിസംബർ 24 നായിരുന്നു ഇത്. ഇതിന് പിന്നാലെയാണ് വെസ്റ്റ്ബാങ്കിൽ മുഴുവൻ വിലക്കേർപ്പെടുത്തുന്നത്.
AESWFFEWTSEWS