ഹമാസ് വിട്ടയക്കുന്ന ബന്ദികളുടെ വിവരങ്ങൾ നൽകിയതായി റിപ്പോർട്ട്


കെയ്റോ: ഗസ്സയിലെ വെടിനിർത്തലുമായി ബന്ധപ്പെട്ട് ഇസ്രായേലും ഹമാസും തമ്മിലുള്ള ചർച്ചകൾ പുരോഗമിക്കുന്നതായും ആദ്യഘട്ടത്തിൽ വിട്ടയക്കേണ്ട ബന്ദികളെക്കുറിച്ച് ചർച്ച ചെയ്തതായും റിപ്പോർട്ട്. ലണ്ടൻ ആസ്ഥാനമായുള്ള ഖത്തർ പത്രമായ അൽ അറബി അൽ ജദീദാണ് വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ചുകൊണ്ട് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞദിവസം ഹമാസ് പ്രതിനിധി സംഘം ഖലീൽ അൽ ഹയ്യയുടെ നേതൃത്വത്തിൽ ഈജിപ്തിലെത്തി ആദ്യഘട്ടത്തിൽ വിട്ടയക്കുന്ന ബന്ദികളുടെ വിവരങ്ങൾ നൽകിയിട്ടുണ്ട്. പ്രായമായവരും ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരുടെയും പേരുകളാണ് ഇതിലുള്ളത്. കൂടാതെ മുമ്പ് ഉൾപ്പെടുത്താത്ത നാല് അമേരിക്കൻ പൗരൻമാരും ഇതിലുണ്ട്.

ഇസ്രായേൽ-അമേരിക്കൻ പൗരത്വമുള്ള ഏഴ് ബന്ദികളാണ് ഹമാസിന്റെ കൈവശമുള്ളത്. എന്നാൽ, ഇതിൽ നാലുപേർ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഇസ്രായേൽ പറയുന്നത്. ബന്ദികൾക്ക് പകരം മോചിപ്പിക്കേണ്ട ഫലസ്തീൻ തടവുകാരുടെ പട്ടികയും ഈജിപ്തിന് മുമ്പാകെ ഹമാസ് നൽകിയിട്ടുണ്ട്. ഈ പട്ടിക ഇസ്രായേൽ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. ചർച്ചക്കായി ഇസ്രായേൽ പ്രതിനിധി സംഘം തിങ്കളാഴ്ച ഈജിപ്തിലെത്തും.
ആരെയെല്ലാം വിട്ടയക്കുമെന്നത് ചർച്ചയിൽ പുരോഗതിയുള്ളതിന്റെ ലക്ഷണമായിട്ടാണ് വിലയിരുത്തൽ. നേരത്തെ വെടിനിർത്തൽ, കരാർ നിലനിർത്തുക എന്നിവയിലായിരുന്നു ചർച്ചകളുണ്ടായിരുന്നത്. അമേരിക്ക, ഈജിപ്ത്, ഖത്തർ, തുർക്കി എന്നീ രാജ്യങ്ങളുടെ നേതൃത്വത്തിലാണ് മധ്യസ്ഥ ചർച്ചകൾ. ഈജിപ്താണ് ഇത്തവണ നിർദേശങ്ങൾ മുന്നോട്ടുവെച്ചിട്ടുള്ളത്. ആദ്യഘട്ടത്തിൽ രണ്ട് മാസം നീളുന്ന വെടിനിർത്തലിനിടെ ഇസ്രായേലി സൈന്യം ഘട്ടം ഘട്ടമായി ഗസ്സയിൽനിന്ന് പിൻമാറണം. ഈ സമയത്ത് തന്നെ ദീർഘകാല വെടിനിർത്തലിനായി മധ്യസ്ഥർ മുഖേനെ ചർച്ചകൾ തുടരും.

60 ദിവസത്തെ പരിവർത്തന കാലയളവ് ഹമാസ് അംഗീകരിച്ചിട്ടുണ്ട്. ഈ സമയത്ത് ഗസ്സയിലേക്ക് കൂടുതൽ ഭക്ഷണവും മരുന്നും ഇന്ധനവുമെല്ലാം എത്തിക്കും. ജനുവരി 20ന് ട്രംപ് അധികാരമേൽക്കും മുമ്പ് കരാർ പ്രാബല്യത്തിൽ വരുമെന്നാണ് ഈജിപ്ത് അധികൃതർ പ്രതീക്ഷിക്കുന്നത്. 14 മാസമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാനുള്ള കരാർ അടുത്തെത്തിയിരിക്കുകയാണെന്ന് കഴിഞ്ഞദിവസം ഹമാസ് നേതാവ് ബസ്സാം നയീം പറഞ്ഞിരുന്നു. ശാശ്വത വെടിനിർത്തൽ, ഇസ്രായേൽ സേനയുടെ പൂർണപിന്മാറ്റം, ഗസ്സയിൽനിന്ന് പലായനം ചെയ്തവരെ തിരിച്ചുവരാൻ അനുവദിക്കുക തുടങ്ങിയ ഹമാസ് നേരത്തേ മുന്നോട്ടുവെച്ച സുപ്രധാന ആവശ്യങ്ങളിൽ ഉറച്ചുനിൽക്കും. എന്നാൽ, ഗസ്സയിൽനിന്ന് ഇസ്രായേൽ സേന പിന്മാറേണ്ടതിന്റെ സമയക്രമത്തിൽ വിട്ടുവീഴ്ചക്ക് തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

പുതിയ വെടിനിർത്തൽ നിർദേശങ്ങളൊന്നും ഹമാസിന്റെ മുന്നിലില്ല. ഇസ്രായേലിന് ഉദ്ദേശ്യമുണ്ടെങ്കിൽ കരാറുണ്ടാക്കുക വെല്ലുവിളിയല്ല. ആത്യന്തികമായി ഫിലഡെൽഫിയ ഇടനാഴിയിൽനിന്ന് ഇസ്രായേൽ സേന പിന്മാറുകയും ഈജിപ്തുമായുള്ള റഫ അതിർത്തി അടിയന്തരമായി തുറക്കുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വെടിനിർത്തൽ യാഥാർഥ്യമായാൽ ഗസ്സ ഭരണം സംബന്ധിച്ച് ഫതഹുമായി ഹമാസ് പരസ്പര ധാരണയിലെത്തിയിട്ടുണ്ട്. ഗസ്സ ഭരണം ഉപേക്ഷിക്കാൻ ഹമാസ് തയാറാണ്. എന്നാൽ, ഇസ്രായേൽ അധിനിവേശത്തിനെതിരായ പ്രതിരോധം അവസാനിപ്പിക്കില്ല. അധിനിവേശം ഏതുവിധേനയും ചെറുക്കാൻ ഫലസ്തീനികൾക്ക് അവകാശമുണ്ടെന്നും നയീം കൂട്ടിച്ചേർത്തു. ഹമാസ്-ഫതഹ് ധാരണ സംബന്ധിച്ചും ഈജിപ്തിൽ ചർച്ചകൾ പുരോഗമിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. യു.എസ് നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പശ്ചിമേഷ്യ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ആൽഥാനി എന്നിവരുമായി നടത്തിയ ചർച്ചകളെ തുടർന്നാണ് വെടിനിർത്തൽ ചർച്ചകൾക്ക് വീണ്ടും ജീവൻ വെച്ചത്. താൻ അധികാരമേൽക്കും മുമ്പ് ബന്ദികളെ മോചിപ്പിക്കണമെന്ന് ട്രംപ് കടുത്ത ഭാഷയിൽ താക്കീത് നൽകിയിരുന്നു.

You might also like

Most Viewed