ഇന്ത്യയിലേക്ക് കടക്കുന്നതിനിടെ 50ലധികം ഇസ്കോൺ അംഗങ്ങളെ ബംഗ്ലാദേശ് തടഞ്ഞതായി റിപ്പോർട്ട്
ധാക്ക: ഇന്ത്യയിലേക്ക് കടക്കുന്നതിനിടെ 50ലധികം ഇസ്കോൺ അംഗങ്ങളെ ബംഗ്ലാദേശ് തടഞ്ഞതായി റിപ്പോർട്ട്. വിവിധ ജില്ലകളിൽ നിന്നുള്ള ഭക്തർ ഉൾപ്പെടെ 54 അംഗങ്ങൾ ബീനാപോള അതിർത്തിയിൽ എത്തിയിരുന്നു. മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ യാത്രയ്ക്ക് അനുമതിയില്ലെന്ന് സംഘത്തെ പൊലീസ് അറിയിച്ചതായി വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു. ബംഗ്ലാദേശിൽ വീണ്ടും സന്യാസിമാർ അറസ്റ്റിലായതിനു പിന്നാലെയാണ് റിപ്പോർട്ട് പുറത്തു വന്നിരിക്കുന്നത്.
സംഘത്തെ ഇന്ത്യയിലേക്ക് കടക്കാൻ അനുവദിക്കരുതെന്ന് അധികാരികളിൽ നിന്ന് നിർദേശം ലഭിച്ചതായി എമിഗ്രേഷൻ ഉദ്യോഗസ്ഥൻ പറഞ്ഞു. ഇന്ത്യയിൽ മതപരമായ ചടങ്ങിൽ പങ്കെടുക്കാൻ പദ്ധതിയിട്ടിരുന്ന ഇസ്‌കോൺ അംഗങ്ങൾക്ക് യാത്രരേഖകൾ ഉണ്ടായിരുന്നതായും എന്നാൽ ‘പ്രത്യേക സർക്കാർ അനുമതി ഇല്ലായിരുന്നു’ എന്നും ബോർഡർ പോലീസ് ഉദ്യോഗസ്ഥർ അവകാശപ്പെട്ടു. ഹിന്ദു സന്യാസിയും മുൻ ഇസ്‌കോൺ അംഗവുമായ ചിൻമോയ് കൃഷ്ണ ദാസ് രാജ്യദ്രോഹ കേസിൽ അറസ്റ്റിലായതിനെ ബംഗ്ലാദേശിൽ സംഘടന നിരവധി നടപടികൾ നേരിടുകയാണ്. പ്രതിഷേധത്തിനിടെ രുദ്രപ്രോതി കേശബ് ദാസ്, രംഗ നാഥ് ശ്യാമ സുന്ദർ ദാസ് എന്നിവരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു.
അതിനിടെ, ബംഗ്ലാദേശിലെ ഇസ്‌കോണിനെ നിരോധിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. എന്നാൽ, സംഘടനയെ നിരോധിക്കാൻ ബംഗ്ലാദേശ് ഹൈകോടതി വിസമ്മതിച്ചു. ചിൻമോയ് കൃഷ്ണ ദാസ് ഉൾപ്പെടെ 17 ഇസ്‌കോൺ അംഗങ്ങളുടെ ബാങ്ക് അക്കൗണ്ടുകൾ 30 ദിവസത്തേക്ക് മരവിപ്പിക്കാനും ബംഗ്ലാദേശ് അധികൃതർ ഉത്തരവിട്ടിട്ടുണ്ട്.
ukgiugi