സുനിത വില്യംസ് ബഹിരാകാശത്ത് ചീര കൃഷി തുടങ്ങിയതായി വാർത്തകൾ!
വാഷിംഗ്ടൺ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ മാസങ്ങളായി തുടരുന്ന ഇന്ത്യന്‍ വംശജയായ നാസയുടെ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് ബഹിരാകാശത്ത് കൃഷി തുടങ്ങിയതായി വാർത്തകൾ. ചീരകൃഷി ചെയ്യുന്നുവെന്നാണ് വിവരം. ചീര ഇനത്തിൽപ്പെട്ട ലെറ്റിയൂസ് എന്ന പച്ചക്കറിയാണ് സുനിത വില്യംസ് പരീക്ഷണാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നത്.
ബഹിരാകാശത്തെ സുനിതയുടെ ചീരകൃഷി ഭക്ഷണത്തിന് വേണ്ടിയല്ലെന്നതാണ് നാസ പുറത്തുവിടുന്ന വിവരം. ഭൂഗുരുത്വം കുറഞ്ഞ അവസ്ഥയിൽ വെള്ളത്തിന്റെ അളവ് എത്രത്തോളം സസ്യങ്ങളെ സ്വാധീനിക്കുന്നു എന്നറിയാനുള്ള പരീക്ഷണമാണ് ഇന്ത്യൻ വംശജയായ നാസയുടെ ബഹിരാകാശ സഞ്ചാരിയായ സുനിത നടത്തുന്നതെന്നാണ് വ്യക്തമാകുന്നത്. ഭാവിയിലെ ബഹിരാകാശ പദ്ധതികൾക്കും ഭൂമിയിലെ കാർഷിക മേഖലയ്ക്കും ഒരുപോലെ ഗുണം ചെയ്യുന്ന പരീക്ഷണമാകും ഇതെന്നാണ് നാസ പറയുന്നത്. പരീക്ഷണത്തിന്‍റെ ഫലമനുസരിച്ച് പുതിയ കൃഷിരീതികൾ ഭൂമിയിലും നടപ്പിലാക്കാനാകുമെന്നാണ് നാസ വിവരിക്കുന്നത്.
ഈർപ്പത്തിന്റെ അളവ് സസ്യത്തിന്റെ വളർച്ചയെ എങ്ങനെ സ്വാധീനിക്കുന്നു, അവയിൽ പോഷകങ്ങളുടെ അളവിൽ എത്രത്തോളം മാറ്റമുണ്ടാകുന്നു തുടങ്ങിയ കാര്യങ്ങൾക്കാണ് പരീക്ഷണം നടക്കുന്നത്. ബഹിരാകാശത്ത് കൃഷി സാധ്യമാകുമോ എന്ന കാര്യവും ഈ പരീക്ഷണത്തിൽ വ്യക്തമാകും.
2024 ജൂണിലാണ് ബോയിങ് സ്റ്റാർലൈനർ പേടകത്തിൽ സുനിത വില്യംസും ബുച്ച് വിൽമോറും എട്ട് ദിവസത്തെ ദൗത്യത്തിനായി ബഹിരാകാശ നിലയത്തിലെത്തിയത്. എന്നാൽ സ്‌റ്റാർലൈനർ പേടകം തകരാറിലായതോടെ തിരികെ വരാനാകാതെ കുടുങ്ങുകയായിരുന്നു. ഇവരെ 2025 ഫെബ്രുവരിയോടെ തിരികെയെത്തിക്കാനാകുമെന്നാണ് നാസ പറയുന്നത്.
dsfdsf