മാരകരോഗികൾക്ക് പരസഹായത്തോടെ ആത്മഹത്യ ചെയ്യാം; വിവാദ ബിൽ പാസാക്കി ബ്രിട്ടീഷ് പാർലമെന്റ്
ലണ്ടന്‍: മാരകരോഗികൾക്ക് പരസഹായത്തോടെയുള്ള ആത്മഹത്യ നിയമവിധേയമാക്കുന്ന വിവാദ ബിൽ പാസാക്കി ബ്രിട്ടീഷ് പാർലമെന്റ്. അഞ്ചു മണിക്കൂറോളം നീണ്ട ഏറെ വൈകാരികമായ ചര്‍ച്ചകള്‍ക്കു ശേഷം 275 വോട്ടിനെതിരെ 330 വോട്ടിനാണ് ബിൽ പാസായത്. ലേബർ പാർട്ടി എം.പി കിം ലീഡ്ബീറ്ററാണ് ബിൽ അവതരിപ്പിച്ചത്.
മാനസിക ആരോഗ്യമുള്ള പ്രായപൂര്‍ത്തിയായ മാരകരോഗികൾക്ക് ആറുമാസത്തില്‍ കൂടുതല്‍ ആയുസ്സില്ല എന്നത് ഡോക്ടർമാരും ഹൈകോടതി ജഡ്ജിയും സാക്ഷ്യപ്പെടുത്തിയാല്‍ പരസഹായത്താല്‍ സ്വയം മരണം വരിക്കാന്‍ അവകാശം നൽകുന്നതാണ് ബിൽ. എന്നാൽ, നിയമവിരുദ്ധമായി ആരെയെങ്കിലും മരിക്കാൻ പ്രേരിപ്പിക്കുകയോ മാരകമായ മരുന്ന് നൽകുകയോ ചെയ്തെന്ന് കണ്ടെത്തിയാൽ 14 വർഷം വരെ തടവുശിക്ഷ ലഭിക്കും.
കടുത്ത അഭിപ്രായ ഭിന്നത നിലനിൽക്കെ പാർട്ടികൾക്കതീതമായി സ്വതന്ത്രമായാണ് പാർലമെന്റ് അംഗങ്ങൾ വോട്ട് രേഖപ്പെടുത്തിയത്. പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍ ബില്ലിന് അനുകൂലമായി വോട്ട് ചെയ്തു. അതേസമയം, മന്ത്രിസഭയില്‍തന്നെ വിയോജിപ്പുണ്ടെന്ന് വ്യക്തമാക്കി ഉപപ്രധാനമന്ത്രി എയ്ഞ്ചല റെയ്നര്‍ ബില്ലിനെ എതിർത്തു. ഇന്ത്യൻ വംശജനും മുന്‍ പ്രധാനമന്ത്രിയുമായ ഋഷി സുനകും ഇന്ത്യൻ വംശജനായ കൺസർവേറ്റിവ് പാർട്ടി എം.പി നീൽ ശാസ്ത്രി ഹേസ്റ്റും ബില്ലിന് അനുകൂലമായി വോട്ടു ചെയ്തു.
പണം മുടക്കാതിരിക്കാനും ബാധ്യത ഒഴിവാക്കാനുംവേണ്ടി വയോധികരെയും രോഗികളെയും മരിക്കാൻ ബന്ധുക്കൾ നിർബന്ധിക്കുമെന്നാണ് ബിൽ വിമർശകരുടെ അഭിപ്രായം.
ിു്ിു