ശൈഖ് ഹസീനയുടെ റാലിക്ക് നേരെ ഗ്രനേഡ് ആക്രമണം നടത്തിയ കേസിലെ 49 പ്രതികളേയും വെറുതെവിട്ടു
ധാക്ക: മുൻ പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ റാലിക്ക് നേരെ ഗ്രനേഡ് ആക്രമണം നടത്തിയ കേസിൽ ബംഗ്ലാദേശ് നാഷനലിസ്റ്റ് പാർട്ടി നേതാവ് ഖാലിദ സിയയുടെ മകനെയടക്കം മുഴുവൻ പ്രതികളെയും ഹൈകോടതി വെറുതെവിട്ടു. ഖാലിദ് സിയയുടെ മകനും ബി.എൻ.പിയുടെ ആക്ടിങ് ചെയർമാനുമായ താരിഖ് റഹ്മാൻ, മുൻ മന്ത്രി ലുത്ഫുസ്സമാൻ ബാബർ എന്നിവരടക്കം 49 പ്രതികളെയാണ് വെറുതെവിട്ടത്. വിചാരണ കോടതിയുടെ വിധി നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് എ.കെ.എം. അസദുസ്സമാൻ, ജസ്റ്റിസ് സയിദ് ഇനായത് ഹുസൈൻ എന്നിവരുടങ്ങുന്ന ബെഞ്ചിന്റെ വിധി.
2004ൽ നടന്ന ഗ്രനേഡ് ആക്രമണത്തിൽ 24 പേർ കൊല്ലപ്പെടുകയും 300 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കൊലപാതകം, സ്ഫോടക വസ്തു നിരോധനം തുടങ്ങിയ വകുപ്പുകൾ പ്രകാരം രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തിരുന്നത്.
ഹർകതുൽ ജിഹാദ് അൽ ഇസ്‍ലാമി സംഘടനയുടെ നേതാവായ മുഫ്തി അബ്ദുൽ ഹന്നാന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വിചാരണക്കോടതി വിധി പറഞ്ഞത്. ഇയാളെ കോടതി വധശിക്ഷക്ക് വിധേയനാക്കിയിരുന്നു. സമ്മർദം ചെലുത്തിയാണ് ഇയാളുടെ കുറ്റസമ്മതം രേഖപ്പെടുത്തിയതെന്നും ഈ തെളിവ് ജഡ്ജി കൃത്യമായി പരിശോധിച്ചില്ലെന്നും ഹൈകോടതി ചൂണ്ടിക്കാട്ടി.