ശ്രീലങ്കയിൽ ഇന്ന് പാർലമെന്‍റ് തെരഞ്ഞെടുപ്പ്
കൊളംബോ: ശ്രീലങ്കയിൽ ഇന്ന് പാർലമെന്‍റ് തെരഞ്ഞെടുപ്പ്. സെപ്റ്റംബറിൽ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട അനുര കുമാര ദിസനായകെ പാർലമെന്‍റ് പിരിച്ചുവിട്ട് ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയായിരുന്നു. ദിസനായകെയുടെ പാർട്ടിക്ക് ഇപ്പോഴത്തെ പാർലമെന്‍റിൽ മൂന്ന് അംഗങ്ങൾ മാത്രമാണുള്ളത്.സുഗമമായ ഭരണത്തിനു പാർലമെന്‍റിൽ ഭൂരിപക്ഷം ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണു ദിസനായകെയുടെ നീക്കം. ഇപ്പോഴത്തെ പാർലമെന്‍റിന് അടുത്ത വർഷം ഓഗസ്റ്റ് വരെ കാലാവധി ഉണ്ടായിരുന്നതാണ്.
പാർലമെന്‍റിലെ 225 സീറ്റുകളിൽ 196 എണ്ണത്തിലേക്കാണു തെരഞ്ഞെടുപ്പ്. ശേഷിക്കുന്ന 29 സീറ്റുകൾ വോട്ടുവിഹിതത്തിന്‍റെ അടിസ്ഥാനത്തിൽ പാർട്ടികൾക്കു വീതിച്ചുകൊടുക്കും. രാവിലെ ഏഴിന് ആരംഭിക്കുന്ന പോളിംഗ് വൈകുന്നേരം നാലിന് അവസാനിക്കും. വെള്ളിയാഴ്ച ഫലപ്രഖ്യാപനം ഉണ്ടായേക്കും. പുതിയ പാർലമെന്‍റ് 21ന് ചേർന്ന് സ്പീക്കറെ തെരഞ്ഞെടുക്കും.
sdfsdf