സാമന്ത ഹാർവെയുടെ ഓർബിറ്റൽ എന്ന നോവലിന് ബുക്കർ പുരസ്കാരം
ലണ്ടൻ: ഈ വർഷത്തെ ബുക്കർ പുരസ്കാരത്തിന് ബ്രിട്ടീഷ് എഴുത്തുകാരി സാമന്ത ഹാർവെ അർഹയായി. സാമന്തയുടെ ഓർബിറ്റൽ എന്ന സയൻസ് ഫിക്ഷൻ നോവലിലാണ് പുരസ്കാരം. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ആറ് യാത്രികർ ഭൂമിയെ വലംവെക്കുന്നതാണ് നോവലിലെ പ്രതിപാദ്യം.2019ന് ശേഷം ആദ്യമായാണ് ഒരു വനിത ബുക്കർ പ്രൈസ് നേടുന്നത്. 1969 ൽ ബുക്കർ പ്രൈസ് നൽകിത്തുടങ്ങിയതു മുതൽ 19 വനിതകൾക്കാണ് ഇതുവരെ പുരസ്കാരം ലഭിച്ചത്. ആൻ മൈക്കൽസ്(ഹെൽഡ്), റേച്ചൽ കുഷനർ(ക്രിയേഷൻ ലെയ്ക്ക്), യേൽ വാൻ ഡെൽ വൂഡൻ(സെയ്ഫ് കീപ്പ്), ഷാർലറ്റ് വുഡ് (യാർഡ് ഡിവോഷനൽ), ജെയിംസ് (പെഴ്സിവൽ എവെററ്റ്) എന്നിവരാണ് ബുക്കർ പ്രൈസ് ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ചത്. ലോക്ഡൗൺ കാലത്താണ് സാമന്ത നോവൽ ഓർബിറ്റൽ എഴുതി തുടങ്ങിയത്.
യു.എസ്, റഷ്യ, ഇറ്റലി, ബ്രിട്ടൻ, ജപ്പാൻ എന്നീ രാജ്യങ്ങളിലെ ബഹിരാകാശ യാത്രികർ 24 മണിക്കൂറിൽ 16 സൂര്യോദയങ്ങൾക്കും സൂര്യാസ്തമയങ്ങൾക്കും സാക്ഷികളാകുന്നതാണ് നോവലിൽ വിവരിക്കുന്നത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽനിന്നുള്ള ഭൂമിയുടെ വിഡിയോകളാണ് നോവലെഴുതാനുള്ള പ്രചോദനമെന്ന് സാമന്ത നേരത്തേ സൂചിപ്പിച്ചിരുന്നു.നേരത്തേ ഭാവനാത്മക സാഹിത്യത്തിനുള്ള ഹോത്തോൺഡെൻ പുരസ്കാരവും ഓർബിറ്റൽ സ്വന്തമാക്കിയിരുന്നു. രാഷ്ട്രീയ ഫിക്ഷന് നൽകുന്ന ഓർവെൽ പുരസ്കാരം, ഫിക്ഷന് നൽകുന്ന ഉർസുല കെ. ലെ ഗ്വിൻ പുരസ്കാരം എന്നിവയുടെ ചുരുക്കപ്പട്ടികയിലും ഇടം പിടിച്ചു. യു.കെയിലും അയർലൻഡിലും പ്രസിദ്ധീകരിക്കുന്ന ഇംഗ്ലീഷ് ഫിക്ഷന് നൽകുന്ന സാഹിത്യ പുരസ്കാരമാണ് ബുക്കർ പ്രൈസ്. 50,000 പൗണ്ട്(ഏതാണ്ട് 64000 രൂപ) ആണ് പുരസ്കാര തുക.
sdff