അരിസോണ സംസ്ഥാനത്തും ട്രംപ് തന്നെ
വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ഫലം വരാനുള്ള അരിസോണ സംസ്ഥാനത്തും ഡോണൾഡ് ട്രംപ് ജയിച്ചു. ഇതോടെ ഇലക്‌ടറൽ കോളജിലെ 538 വോട്ടുകളിൽ 312ഉം ട്രംപ് സ്വന്തമാക്കി. ജയിക്കാൻ വേണ്ടത് 270 ആയിരുന്നു. എതിർസ്ഥാനാർഥി കമല ഹാരിസിന് 226 വോട്ടുകളാണ് ലഭിച്ചത്. വിജയം നിർണയിച്ച ഏഴു ചാഞ്ചാട്ട സംസ്ഥാനങ്ങളിലും ട്രംപ് ആണു ജയിച്ചത്. ട്രംപും കമലയും അവസാന ദിവസങ്ങളിൽ പ്രചാരണം നടത്തിയത് അരിസോണയിലായിരുന്നു. ട്രംപിന്‍റെ റിപ്പബ്ലിക്കൻ പാർട്ടി യുഎസ് കോൺഗ്രസിലെ സെനറ്റിലും ഭൂരിപക്ഷം നേടി. ജനപ്രതിനിധി സഭയിലും റിപ്പബ്ലിക്കന്മാർ ഒന്നാമതെത്തുമെന്നാണു സൂചനകൾ.
ഇതിനിടെ ഇന്ത്യൻ വംശജയും സൗത്ത് കരോളൈനയിലെ മുൻ ഗവർണറുമായ നിക്കി ഹേലി, മുൻ സിഐഎ ഡയറക്‌ടർ മൈക്ക് പോംപിയോ എന്നിവർ തന്‍റെ സർക്കാരിൽ ഉണ്ടാവില്ലെന്ന് ട്രംപ് അറിയിച്ചു. ഒന്നാം ട്രംപ് ഭരണകൂടത്തിൽ നിക്കി ഹേലി യുഎസിന്‍റെ യുഎൻ അംബാസഡറും മൈക്ക് പോംപിയോ സ്റ്റേറ്റ് സെക്രട്ടറിയുമായിരുന്നു. തെരഞ്ഞെടുപ്പിൽ ജയിച്ച ഡോണൾഡ് ട്രംപിനു പ്രസിഡന്‍റ് ജോ ബൈഡൻ ബുധനാഴ്ച വൈറ്റ്ഹൗസിലെ ഓവൽ ഓഫീസിൽ സ്വീകരണം നല്കും. ട്രംപിന്‍റെ പത്നി മെലാനിയയെ പ്രഥമവനിത ജിൽ ബൈഡനും ക്ഷണിച്ചിട്ടുണ്ട്.
sdfdsf