അന്താരാഷ്ട്ര വിദ്യാർഥികൾക്കുള്ള ഫാസ്റ്റ് ട്രാക്ക് വിസ സമ്പ്രദായം അവസാനിപ്പിച്ച് കാനഡ
ടൊറന്റോ: ഇന്ത്യയുമായുള്ള നയതന്ത്ര പ്രശ്നങ്ങൾ തുടരുന്നതിനിടെ അന്താരാഷ്ട്ര വിദ്യാർഥികൾക്കുള്ള ഫാസ്റ്റ് ട്രാക്ക് വിസ സമ്പ്രദായം അവസാനിപ്പിച്ച് കാനഡ. കാനഡയിൽ ഉപരിപഠനം നടത്തുന്നതിന് ആയിരക്കണക്കിന് അന്താരാഷ്ട്ര വിദ്യാർഥികൾക്ക് വളരെ വേഗം വിസ ലഭ്യമാക്കുന്ന സമ്പ്രദായമായിരുന്നു ഇത്. അപേക്ഷിച്ച് 20 ദിവസത്തിനകം വിസ നപടികൾ പൂർത്തിയാകും എന്നതാണ് ഇതിന്റെ പ്രത്യേകത. ഓരോ വർഷവും ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർഥികളാണ് കാനഡയിലെത്തുന്നത്. 2023ൽ 200,000 ഇന്ത്യൻ വിദ്യാർഥികൾ ഈ വിസയിൽ കാനഡയിൽ എത്തിയിരുന്നു. അന്താരാഷ്ട്ര വിദ്യാര്‍ഥികളുടെ എണ്ണം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് വിസ റദ്ദാക്കുന്നതെന്നാണ് കനേഡിയന്‍ സര്‍ക്കാര്‍ അറിയിച്ചത്.
10 വര്‍ഷം കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസയും കാനഡ നിര്‍ത്തലാക്കിയിട്ടുണ്ട്. ഇന്ത്യ ഉൾപ്പെടെ 14 രാജ്യങ്ങളിലെ വിദ്യാർഥികൾക്കായിരുന്നു ഫാസ്റ്റ് ട്രാക്ക് വിസയുടെ ആനുകൂല്യം ഏറ്റവും കൂടുതൽ ലഭിച്ചത്. വെള്ളിയാഴ്ചയാണ് ഫാസ്റ്റ് ട്രാക്ക് സ്റ്റുഡന്റ് വിസ അവസാനിപ്പിച്ചതായി ട്രൂഡോ സർക്കാർ പ്രഖ്യാപിച്ചത്. ഇതോടെ കാനഡയിൽ പഠനത്തിനായി തയാറെടുക്കുന്ന നിരവധി വിദ്യാർഥികൾ ആശങ്കയിലായി. 2018 ലാണ് സ്റ്റുഡന്റ് ഡയറക്ട് സ്ട്രീം പദ്ധതിയുടെ കീഴില്‍ ഫാസ്റ്റ് ട്രാക്ക് സ്റ്റുഡന്റ് വിസ സമ്പ്രദായം തുടങ്ങിയത്. കനേഡിയൻ ഗാരന്റീസ് ഇൻവെസ്റ്റ്മെന്റ് സർട്ടിഫിക്കറ്റും ഇംഗ്ലീഷ്, ഫ്രഞ്ച് ഭാഷകളിൽ ഏതിലെങ്കിലും പരിജ്ഞാനവും ഉണ്ടെങ്കിൽ ആഴ്ചകൾക്കുള്ളിൽ വിസ നൽകുന്ന പദ്ധതിയാണിത്. വിനോദസഞ്ചാരികള്‍ക്ക് അനുവദിക്കുന്ന ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ക്കെല്ലാം 10 വര്‍ഷം കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയാണ് അനുവദിച്ചിരുന്നതെങ്കില്‍ ഇനി മുതല്‍ എല്ലാവര്‍ക്കും ഈ വിസ ലഭിക്കില്ല. വിസ അനുവദിക്കുന്ന ഇമിഗ്രേഷന്‍ ഓഫിസര്‍ക്ക് കാലാവധി, എന്‍ട്രി എന്നിവയെല്ലാം തീരുമാനിക്കാം. വിനോദസഞ്ചാര വിസയിലെത്തി അനധികൃതമായി കുടിയേറുന്നത് ഒഴിവാക്കുകയാണു ലക്ഷ്യം. ഇന്ത്യയില്‍ നിന്നുള്‍പ്പെടെയുള്ള വിനോദസഞ്ചാരികള്‍ക്കു തിരിച്ചടിയാണു കനേഡിയൻ സർക്കാറിന്റെ പുതിയ നീക്കം. ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജറുടെ കൊലപാതകത്തിന് പിന്നാലെയാണ് ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം ഉലഞ്ഞത്.
fbvdb