അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്
വാഷിങ്‌ടൺ: അമേരിക്കയിൽ കഴിയാൻ നിയമപരമായി അനുമതിയില്ലാത്തവരെ കൂട്ടത്തോടെ നാടുകടത്തുമെന്ന് നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എൻബിസി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് പ്രഖ്യാപനം. കുടിയേറ്റനയം ശക്തിപ്പെടുത്തുമെന്ന് തെരഞ്ഞെടുപ്പ് വേളയിലും ട്രംപ് പറഞ്ഞിരുന്നു. ലാറ്റിനോ വംശജർ കഴിഞ്ഞാൽ അമേരിക്കയിൽ കൂടുതലുള്ള കുടിയേറ്റ ജനത ഇന്ത്യൻ വംശജരാണ്. 50 ലക്ഷത്തിലധികം വരുന്ന ഇന്ത്യൻ വംശജർക്ക് ട്രംപിന്റെ ‘കൂട്ട നാടുകടത്തൽ’ നയം കനത്ത തിരിച്ചടിയാകും.
ശക്തമായ കുടിയേറ്റ നയത്തിന്റെ ഭാഗമായാണ് താൻ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതെന്ന് ട്രംപ് പറഞ്ഞു. അമേരിക്ക–മെക്‌സിക്കൻ അതിർത്തിയിൽ പരിശോധന ശക്തമാക്കും. കൂടുതൽ ആളുകൾ അമേരിക്കയിലേക്ക് വരണം. അത് നിയമപരമായിരിക്കണം–ട്രംപ് പറഞ്ഞു. കൂട്ട നാടുകടത്തൽ പദ്ധതിയുമായി മുന്നോട്ടു പോകാൻ ട്രംപ് ഭരണകൂടം തീരുമാനിച്ചാൽ വൻ സാമ്പത്തിക ബാധ്യതയുണ്ടാകുമെന്ന് വിദഗ്‌ധർ മുന്നറിയിപ്പ് നൽകുന്നു. 10 ലക്ഷം പേരെ പുറത്താക്കാൻ കോടിക്കണക്കിന് ഡോളർ ചെലവുവരുമെന്നാണ് വിലയിരുത്തൽ. ട്രംപ് പ്രസിഡന്റായിരിക്കെ 2017 മുതൽ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനെന്ന പേരിൽ ജോലി സ്ഥലങ്ങളിൽ നടത്തിയ വിവാദ പരിശോധനകൾ 2021-ൽ ബൈഡൻ ഭരണകൂടം നിർത്തിവച്ചിരുന്നു.
ergte