നീതിക്കും ജനങ്ങളുടെ അന്തസിനും വേണ്ടിയുള്ള പോരാട്ടം തുടരുമെന്ന് കമലാ ഹാരിസ്


ന്യൂയോർക്ക്: യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും നീതിക്കും ജനങ്ങളുടെ അന്തസിനും വേണ്ടിയുള്ള പോരാട്ടം തുടരുമെന്ന് ഡെമോക്രാറ്റിക് സ്ഥാനാർഥിയും വൈസ് പ്രസിഡന്റുമായ കമലാ ഹാരിസ്. വാഷിങ്ടണിലെ ഹോവാർഡ് യൂനിവേഴ്‌സിറ്റിയിൽ ഡോണൾഡ് ട്രംപിന്റെ വിജയം അംഗീകരിച്ച് അനുയായികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. ‘തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുന്നു. നേരത്തെ, നിയുക്ത പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായി ഫോണിൽ സംസാരിക്കുകയും തെരഞ്ഞെടുപ്പ് വിജയത്തിൽ അഭിനന്ദിക്കുകയും ചെയ്തു. സമാധാനപരമായ അധികാര കൈമാറ്റം അദ്ദേഹത്തിന് ഉറപ്പു നൽകിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുകയെന്നത് അമേരിക്കൻ ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങളിലൊന്നാണ്. പക്ഷെ നമ്മുടെ പോരാട്ടം അവസാനിക്കുന്നില്ല. അമേരിക്കക്കാർക്ക് അവരുടെ സ്വപ്നങ്ങളും അഭിലാഷങ്ങളും പിന്തുടരാൻ കഴിയുന്ന ഒരു ഭാവിക്കുവേണ്ടിയുള്ള പോരാട്ടം ഒരിക്കലും ഉപേക്ഷിക്കില്ല. ജനാധിപത്യത്തിനു വേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കില്ല’ -കമല പ്രവർത്തകരോട് പറഞ്ഞു.

‘ഇത് കീഴടങ്ങാനുള്ള സമയമല്ല. മുഷ്ടി ചുരുട്ടാനുള്ള സമയമാണ്. ബൂത്തിലും കോടതിയിലും പൊതുസ്ഥലത്തുമെല്ലാം നാം ഇനിയും പോരാട്ടം തുടരും. ചിലപ്പോൾ മാറ്റത്തിന് സമയമെടുത്തേക്കാം. അതിനർഥം നാം വിജയിക്കില്ല എന്നല്ല. ഒരിക്കലും പിന്മാറരുത്. അമേരിക്കയെ ലോകത്തെ ഏറ്റവും മികച്ച സ്ഥലമാക്കാനുള്ള ശ്രമം അവസാനിപ്പിക്കരുത്’ -കമല കൂട്ടിച്ചേർത്തു. 15 മിനിറ്റ് നീണ്ട പ്രസംഗത്തിൽ ജനങ്ങൾ തന്നിൽ അർപ്പിച്ച വിശ്വാസത്തിനും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഒപ്പംനിന്ന നേതാക്കൾക്കും അനുയായികൾക്കും കമലാ ഹാരിസ് നന്ദി പറഞ്ഞു.
അമേരിക്കയുടെ 60ാമത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയും മുൻ പ്രസിഡന്റുമായ ഡോണൾഡ് ട്രംപ് മിന്നുംജയമാണ് നേടിയത്. ജനപ്രതിനിധി സഭയിലേക്കും സെനറ്റിലേക്കും നടന്ന തെരഞ്ഞെടുപ്പുകളിലും റിപ്പബ്ലിക്കൻ പാർട്ടികൾക്കാണ് ആധിപത്യം. 2017-21 കാലത്ത് അമേരിക്കൻ പ്രസിഡന്റ് പദവിയിലിരുന്ന ട്രംപിന് ഇത് രണ്ടാമൂഴമാണ്. അമേരിക്കൻ പ്രസിഡന്റ് പദത്തിലെത്തുന്ന ഏറ്റവും പ്രായം ചെന്നയാൾ എന്ന ഖ്യാതിയും ഇതോടെ 78കാരനായ ട്രംപിന് കൈവന്നു. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച് പരാജയപ്പെട്ടശേഷം വീണ്ടും മത്സരിച്ച് വിജയിക്കുന്ന അമേരിക്കയിലെ രണ്ടാമത്തെ പ്രസിഡന്റുകൂടിയാണ് ട്രംപ്. 1892ൽ, ഗ്രോവർ ക്ലേവ് ലാൻഡിന്റെ വിജയത്തിനുശേഷം പിന്നീടാരും ഇത്തരത്തിൽ വിജയിച്ചിട്ടില്ല. 40കാരനായ ഓഹിയോ സെനറ്റർ ജെ.ഡി. വാൻസ് വൈസ് പ്രസിഡന്റാകും. പെൻസൽവേനിയ, വിസ്കോൺസൻ, മിഷിഗൻ, നെവാദ, ജോർജിയ, നോർത് കരോലൈന, അരിസോണ എന്നീ സംസ്ഥാനങ്ങളിലെല്ലാം ട്രംപ് അനായാസ ജയം നേടി.

article-image

hjgjgj

You might also like

  • Lulu Exchange
  • Straight Forward

Most Viewed