ജനനനിരക്ക് വൻതോതിൽ കുറഞ്ഞു; ചൈനയിലെ ആയിരക്കണക്കിനു കിൻഡർഗാർട്ടനുകൾ അടച്ചുപൂട്ടി


ബെയ്ജിംഗ്: ജനനനിരക്ക് വൻതോതിൽ കുറഞ്ഞതോടെ ചൈനയിലെ ആയിരക്കണക്കിനു കിൻഡർഗാർട്ടനുകൾ അടച്ചുപൂട്ടി. 2023ൽ 1,808 കിൻഡർഗാർട്ടനുകളാണു രാജ്യമൊട്ടാകെ അടച്ചുപൂട്ടിയത്. 274,400 കിൻഡർഗാർട്ടനുകളാണു രാജ്യത്തുള്ളതെന്നു ചൈനീസ് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. കിൻഡർഗാർട്ടനുകളിൽ ചേരുന്ന കുട്ടികളുടെ എണ്ണം തുടർച്ചയായ മൂന്നാം വർഷവും കുറഞ്ഞു.കഴിഞ്ഞ വർഷം 4.09 കോടി കുട്ടികളാണു ചേർന്നത്. തലേവർഷത്തെ അപേക്ഷിച്ച് 53.5 ലക്ഷം കുട്ടികൾ കുറഞ്ഞു-11.55 ശതമാനത്തിന്‍റെ കുറവ്. ഹോങ്കോംഗ് ആസ്ഥാനമായ സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 2023ൽ 5645 പ്രൈമറി സ്കൂളുകളും അടച്ചുപൂട്ടി. 143,500 പ്രൈമറി സ്കൂളുകളാണു ചൈനയിലുള്ളത്. ചൈനയുടെ ജനസംഖ്യയിൽ തുടർച്ചയായ രണ്ടാം വർഷവും ഇടിവു രേഖപ്പെടുത്തിയിരുന്നു. 20 ലക്ഷമാണ് ജനസംഖ്യയിലുണ്ടായ കുറവ്. 2023ൽ 90 ലക്ഷം ജനനമാണു ചൈനയിലുണ്ടായത്. ജനസംഖ്യാ കണക്കുകൾ രേഖപ്പെടുത്തിത്തുടങ്ങിയ 1949നു ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യം എന്ന റിക്കാർഡ് കഴിഞ്ഞ വർഷം ചൈനയ്ക്കു നഷ്ടമായിരുന്നു. ചൈനയെ മറികടന്ന് ഇന്ത്യ ഒന്നാം സ്ഥാനത്തെത്തി. ജനനനിരക്ക് കുറയുന്നതിനൊപ്പം വയോധികരുടെ എണ്ണം ഉയരുന്നുവെന്ന ഇരട്ട പ്രതിസന്ധിയാണു ചൈന നേരിടുന്നത്. 2023 അവസാനം, അറുപതിനു മുകളിൽ പ്രായമുള്ള ചൈനക്കാരുടെ എണ്ണം 30 കോടിയാണ്. 2035 ഇത് 40 കോടിയും 2050ഓടെ 50 കോടിയുമാകുമെന്ന് സിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

അടച്ചുപൂട്ടിയ കിൻഡർഗാർട്ടനുകൾ മുതിർന്ന പൗരന്മാർക്കുള്ള സംരക്ഷണകേന്ദ്രങ്ങളാക്കി മാറ്റിയിരിക്കുകയാണ്. കിൻഡർഗാർട്ടനിലെ ജീവനക്കാരെ വയോധികരെ പരിചരിക്കുന്ന ജോലിയിലേക്കു മാറ്റിയെന്നു സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ദശകങ്ങളോളം തുടർന്ന ഒറ്റക്കുട്ടി നിയമമാണു ചൈനയിലെ ജനസംഖ്യ കുറയാൻ കാരണം.2016ൽ ഈ നയം തിരുത്തി. എല്ലാ ദന്പതികൾക്കും രണ്ടു കുട്ടികൾ വരെ അനുവദിക്കുന്ന നിയമം കൊണ്ടുവന്നു. എന്നാൽ, ഇതുകൊണ്ടും കാര്യമായ പ്രയോജനമുണ്ടായില്ല. 2021ൽ ചൈന ജനസംഖ്യാ നയം പുതുക്കി. മൂന്നു കുട്ടികൾ ആകാമെന്ന നിയമം വന്നു. പെൻഷൻചെലവും വയോജന ശുശ്രൂഷയ്ക്കുള്ള ചെലവും വൻതോതിൽ ഉയർന്നതോടെ ചൈനയിൽ കഴിഞ്ഞ മാസം പുരുഷന്മാരുടെ പെൻഷൻപ്രായം 60ൽനിന്ന് 63ഉം സ്ത്രീകളുടേത് 55ൽനിന്ന് 58ഉം ആക്കി ഉയർത്തിയിരുന്നു.ജനസംഖ്യ പിടിച്ചുനിർത്താൻ നടപടികൾ കുത്തനേ താഴുന്ന ജനസംഖ്യ പിടിച്ചുനിർത്താൻ പുതിയ നയങ്ങളുമായി ചൈന. പുതിയ മാതാപിതാക്കൾക്കു സബ്സിഡിയും നികുതിയിളവും നൽകുകയും അതുവഴി കൂടുതൽ കുട്ടികൾക്കു ജന്മം നൽകാൻ ദന്പതികളെ പ്രോത്സാഹിപ്പിക്കുകയുമാണു ലക്ഷ്യം. വിദ്യാഭ്യാസ സഹായം ശക്തിപ്പെടുത്തുന്നതോടൊപ്പം, ഭവനനിർമാണ സഹായം, തൊഴിൽ സഹായം എന്നിവയിലൂടെ കുട്ടികൾക്കു ജനിക്കാനും വളരാനും അനുകൂലമായ സാഹചര്യങ്ങൾ ഒരുക്കി നൽകുക എന്നതാണു ചൈനീസ് സർക്കാരിന്‍റെ ലക്ഷ്യം. അതേസമയം, ഇത്തരം നടപടികൾക്ക് സമൂഹമാധ്യമങ്ങളിൽനിന്നു തണുപ്പൻ പ്രതികരണമാണു ലഭിക്കുന്നത്.

article-image

estest

You might also like

  • Lulu Exchange
  • Straight Forward

Most Viewed