സൈബർ സാങ്കേതിക വിദ്യയിലൂടെ നിരീക്ഷിക്കുന്നുവെന്ന് ഇന്ത്യക്കെതിരെ പുതിയ ആരോപണം ഉയർത്തി കാനഡ
ഒട്ടാവ: നയന്ത്ര ബന്ധം വഷളാകുന്നതിനിടെ ഇന്ത്യക്കെതിരെ കൂടുതൽ ആരോപണങ്ങളുമായി കാനഡ. നൂതന സൈബർ സാങ്കേതിക വിദ്യയിലൂടെ കാനഡയെ നിരീക്ഷിക്കുന്നുവെന്ന് കനേഡിൻ ഇന്റലിജൻസ് ഏജൻസി ആരോപിച്ചു. കനേഡിയൻ സർക്കാർ വെബ്സൈറ്റുകൾക്കു നേരെ നിരന്തരമുണ്ടാകുന്ന ആക്രമണങ്ങൾക്കു പിന്നിൽ ഇന്ത്യയാണ്. സിഖ് വിഘടനവാദികളെ നിരീക്ഷിക്കുന്നു. രാജ്യത്ത് കടന്നു കയറിയുള്ള ഇന്ത്യയുടെ ഇടപെടൽ അംഗീകരിക്കാൻ കഴിയില്ലെന്നും കാനഡ വ്യക്തമാക്കി. ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം ഇതുവരെ ഇതിൽ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം കാനഡയിലെ വിഘടനവാദികളെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിർദേശ പ്രകാരമാണ് നിരീക്ഷിക്കുന്നതെന്ന് കാനഡ ആരോപിച്ചിരുന്നു. നിജ്ജർ കൊലപാതകത്തിനു പിന്നിൽ പോലും അമിത് ഷാക്ക് പങ്കുണ്ടെന്നും തെളിവുണ്ടെന്നുമായിരുന്നു കനേഡിയൻ വിദേശകാര്യ മന്ത്രിയുടെ പ്രസ്താവന.
നേരത്തെ നിജ്ജർ വധത്തിനു പിന്നിൽ ഇന്ത്യയാണെന്ന് ആരോപിച്ച് കാനഡ കൈമാറിയ തെളിവുകൾ ഇന്ത്യ തള്ളിയിരുന്നു ഇന്ത്യക്ക് പുറത്ത് സിഖുകാർ ഏറ്റവും കൂടുതലുള്ളത് കാനഡയിലാണ്. ഖലിസ്താനു വേണ്ടി വാദിക്കുന്ന തീവ്ര വിഘടനവാദികളും ഇതിൽ ഉൾപ്പെടും. 2023ൽ വാൻകൂവറിൽ കൊല്ലപ്പെട്ട ഹർദീപ് സിങ് നിജ്ജർ കടുത്ത സിഖ് വിഘടനവാദിയായിരുന്നു. നിജ്ജർ വധവുമായി ബന്ധപ്പെട്ടാണ് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആദ്യമായി ഇന്ത്യക്കെതിരെ പരസ്യ നിലപാട് സ്വീകരിച്ചത്. ഇന്ത്യ സൈബർ ആക്രമണം നടത്തുന്നുവെന്ന ആരോപണം ഗൗരവതരമാണെന്ന് ചൂണ്ടിക്കാണിച്ച് യു.എസ് രംഗത്തുവന്നിട്ടുണ്ട്.
നേരത്തെ ഇന്ത്യക്കെതിരായ ഇന്റലിജൻസ് വിവരങ്ങൾ ചോർത്തിയെന്ന് കനേഡിയൻ ഉദ്യോഗസ്ഥർ ഇത് സമ്മതിച്ച് രംഗത്തെത്തിയിരുന്നു. വാഷിങ്ടൺ പോസ്റ്റിനാണ് ഇവർ വിവരങ്ങൾ ചോർത്തി നൽകിയത്. നിജ്ജറിന്റെ വധത്തിൽ ഇന്ത്യൻ സർക്കാറിന്റെ ഏജന്റുമാർക്ക് പങ്കുണ്ടെന്ന് കാനഡ ആരോപിക്കുന്നതിനും മുമ്പ് തന്നെ ഇത്തരത്തിൽ വിവരങ്ങൾ ചോർത്തി നൽകിയെന്നും റിപ്പോർട്ടിൽ പറയുന്നു. ജസ്റ്റിൻ ട്രൂഡോയുടെ സെക്യൂരിറ്റി, ഇന്റലിജൻസ് ഉപദേശക നതാലെ ഡ്രോവിൻ കനേഡിയൻ പാർലമെന്ററി സമിതിക്ക് മുമ്പാകെ ഇക്കാര്യം വെളിപ്പെടുത്തിയെന്ന് ദ ഗ്ലോബ് ആൻഡ് മെയിൽ ന്യൂസ്പേപ്പർ റിപ്പോർട്ട് ചെയ്തു. ഇത്തരം വിവരങ്ങൾ ചോർത്തി നൽകാൻ പ്രധാനമന്ത്രിയുടെ അനുമതി വേണ്ടെന്നും അവർ വെളിപ്പെടുത്തിയെന്നാണ് റിപ്പോർട്ട്.
dsfdfds