ഹിസ്ബുള്ളയുടെ പുതിയ തലവൻ ഷെയ്ഖ് നയീം ഖാസെം
ബെയ്റൂട്ട്: ഹിസ്ബുള്ളയുടെ പുതിയ തലവനായി ഷെയ്ഖ് നയീം ഖാസെം നിയമിതനായി. ഹിസ്ബുള്ള ഇക്കാര്യം അറിയിച്ചതായി അൽ ജസീറ ചാനൽ റിപ്പോർട്ട് ചെയ്തു. 71 വയസുള്ള ഇയാൾ ഇതുവരെ ഹിസ്ബുള്ളയുടെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ആയിരുന്നു. മൂന്നു പതിറ്റാണ്ട് ഹിസ്ബുള്ളയെ നയിച്ച ഹസൻ നസറുള്ളയെ ഇസ്രേലി സേന കഴിഞ്ഞമാസം അവസാനം ബെയ്റൂട്ടിൽ വ്യോമാക്രമണം നടത്തി വധിച്ചിരുന്നു. നസറുള്ളയുടെ പിൻഗാമിയാകുമെന്നു കരുതപ്പെട്ട ഹാഷിം സഫിയുദ്ദീനെയും ദിവസങ്ങൾക്കകം ഇസ്രേലി സേന മറ്റൊരു വ്യോമാക്രമണത്തിൽ വധിച്ചു. എൺപതുകളുടെ തുടക്കത്തിൽ ഹിസ്ബുള്ള സ്ഥാപിച്ച പുരോഹിത നേതാക്കളിൽ ഒരാളാണ് നയീം ഖാസെം. നസറുള്ളയുടെ വിശ്വസ്തനായിരുന്നതിനാൽ സംഘടനയിലെ രണ്ടാമൻ എന്നാണ് അറിയിപ്പെട്ടിരുന്നത്.
നസറുള്ള വധിക്കപ്പെട്ടശേഷം ഹിസ്ബുള്ളയുടെ സൈനികവിഭാഗത്തിന്‍റെ ചുമതല ഇയാൾക്കാണ്. ഇസ്രയേലുമായി വെടി നിർത്തുന്നതിനു ഹിസ്ബുള്ളയുടെ സായുധ വിഭാഗം പിന്തുണയ്ക്കുന്നതായി നയീം ഖാംസെം പ്രഖ്യാപിച്ചിരുന്നു. ജീവഹാനി ഭയന്ന് ഈ മാസമാദ്യം ലബനൻ വിട്ട നയീം ഖാസെം ഇറേനിയൻ തലസ്ഥാനമായ ടെഹ്റാനിലാണ് ഇപ്പോൾ താമസിക്കുന്നതെന്നും റിപ്പോർട്ടുണ്ട്.
sfsfsf