പാർലമെന്‍റ് തെരഞ്ഞെടുപ്പ്: ജാപ്പനീസ് പ്രധാനമന്ത്രി ഷിഗരു ഇഷിബയുടെ ഭരണസഖ്യത്തിനു തിരിച്ചടി
ടോക്കിയോ: ജാപ്പനീസ് പ്രധാനമന്ത്രി ഷിഗരു ഇഷിബയുടെ ഭരണസഖ്യത്തിനു തിരിച്ചടി. ജപ്പാൻ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ ഇഷിബയുടെ ലിബറൽ ഡെമോക്രാറ്റിക് പാർട്ടി സഖ്യത്തിന് കേവല ഭൂരിപക്ഷം ലഭിച്ചില്ല. 465 അംഗ പാർലമെന്‍റിൽ പ്രധാന സഖ്യകക്ഷിയായ കൊമെയ്തോയുമായി ചേർന്ന് ഭരണസഖ്യത്തിന് 215 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. കേവല ഭൂരിപക്ഷത്തിന് 233 സീറ്റുകൾ വേണം. നേരത്തെ ഇഷിബ സഖ്യത്തിന് 279 സീറ്റാണുണ്ടായിരുന്നത്. സാമ്പത്തിക അഴിമതിയാരോപണങ്ങൾ നേരിട്ട ഭരണത്തിന്‍റെ വിലയിരുത്തലായി ഞായറാഴ്ച നടന്ന പാർലമെന്‍റ് തെരഞ്ഞെടുപ്പ്. 2009-നുശേഷം എൽഡിപി നേതൃത്വം നൽകുന്ന സഖ്യത്തിന്‍റെ ഏറ്റവും മോശം പ്രകടനമാണിത്.
ഇഷിബ ഒക്‌ടോബറിലാണ് അധികാരം ഏറ്റെടുത്തത്. ഉടനെതന്നെ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ചെയ്തു. തന്‍റെ മുൻഗാമിയായിരുന്ന ഫുമിയോ കിഷിദ സർക്കാരിനെതിരായ സാമ്പത്തിക അഴിമതിയാരോപണങ്ങളിൽനിന്നു പുറത്തുകടക്കുകയും ജനപിന്തുണ വർധിപ്പിക്കുകയുമായിരുന്നു ഇഷിബയുടെ ലക്ഷ്യം. എന്നാൽ ജനം സർക്കാരിനെ കണ്ണടച്ചു വിശ്വസിക്കാൻ തയാറായില്ലെന്നാണു തെരഞ്ഞെടുപ്പ് ഫലങ്ങൾ കാണിക്കുന്നത്. ജനവിധി ഗൗരവത്തോടെയാണു കാണുന്നതെന്ന് ജാപ്പനീസ് ദേശീയ ചാനലിനോട് ഇഷിബ പറഞ്ഞു. ഭൂരിപക്ഷം നഷ്‌ടമായെങ്കിലും സർക്കാർ മാറാനിടയില്ല. മറ്റൊരു പാർട്ടിയെക്കൂടി സഖ്യത്തിൽ ചേർത്ത് ഇഷിബ ഭരണം തുടരാനാണു സാധ്യത. രണ്ടാം ലോകയുദ്ധത്തിനുശേഷം 2009ൽ ഒഴികെ എല്ലാ തെരഞ്ഞെടുപ്പിലും എൽഡിപിയാണു വിജയിച്ചിട്ടുള്ളത്.
dgfdg