ആഭ്യന്തര യുദ്ധത്തിൽ സുഡാനിൽ അർധസൈനിക വിഭാഗം നടത്തിയ കൂട്ടക്കൊലയിൽ 120 പേർ കൊല്ലപ്പെട്ടു
ഖാർത്തൂം: ആഭ്യന്തര യുദ്ധത്തിൽ വലയുന്ന സുഡാനിൽ അർധസൈനിക വിഭാഗം കഴിഞ്ഞദിവസം നടത്തിയ കൂട്ടക്കൊലയിൽ 120 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. തലസ്ഥാനമായ ഖാർത്തൂമിന് തെക്കുഭാഗത്തുള്ള ഗെസിറ സംസ്ഥാനത്തെ അൽ-സിരേഹ ഗ്രാമത്തിലാണ് അർധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സിന്‍റെ (ആർഎസ്എഫ്) നേതൃത്വത്തിൽ നരനായാട്ട് നടത്തിയത്. സുഡാൻ സേനയായ സുഡാൻ ആംഡ് ഫോഴ്സുമായി (എസ്എഎഫ്) ഒരുവർഷത്തിലേറെ ഏറ്റുമുട്ടുകയാണ് ആർഎസ്എഫ്. ആക്രമണത്തിൽ 200 ലേറെ പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്ന് ഡോക്‌ടർമാരും സാമൂഹിക പ്രവർത്തകരും പറയുന്നു. സമീപകാലത്ത് രാജ്യത്തു നടന്ന ഏറ്റവും വലിയ കൂട്ടക്കൊലയാണിത്. കഴിഞ്ഞ എപ്രിൽ മുതൽ രാജ്യത്തിന്‍റെ നിയന്ത്രണം പിടിച്ചെടുക്കാനായി സുഡാനീസ് സായുധ സേനയുമായി (എസ്എഎഫ്) ആർഎസ്എഫ് ഏറ്റുമുട്ടുകയാണ്. ഏറ്റുമുട്ടലിന്‍റെ മറവിൽ ഇരുസേനകളും സാധാരണക്കാരെ കൊലപ്പെടുത്തുന്നുവെന്ന റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു.
അൽ ഗെസിറയിലെ കമാൻഡർ കൂറുമാറിയതിനെത്തുടർന്നാണ് ആർഎസ്എഫ് മേഖലയിൽ ആക്രമണം നടത്തിയത്. പുരുഷന്മാരെ ക്രൂരമായി കൊലപ്പെടുത്തുകയും സ്ത്രീകളെ ക്രൂരമായി പീഡിപ്പിക്കുകയും ബലാത്സംഗം ചെയ്തായും റിപ്പോർട്ടുകളുണ്ട്. കിഴക്കൻ ഗെസിറയിലെ 30ലധികം ഗ്രാമങ്ങളിൽനിന്ന് പ്രദേശവാസികൾ പലായനം ചെയ്തതായാണു റിപ്പോർട്ടുകൾ. വ്യാപകമായി പൊതു-സ്വകാര്യ സ്വത്തുക്കൾ കൊള്ളയടിക്കുകയും നശിപ്പിക്കുകയും ചെയ്തു. സുഡാന്‍ സായുധസേന മേധാവി അബ്‌ദുൾ ഫത്താ അല്‍ബുര്‍ഹാനും അര്‍ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സ് മേധാവി മുഹമ്മദ് ഹംദാന്‍ ദഗാലോയും തമ്മിലുള്ള അധികാരത്തർക്കമാണ് 2023 എപ്രിൽ 15 ന് മറ്റൊരു ആഭ്യന്തരയുദ്ധത്തിലേക്ക് സുഡാനെ കൊണ്ടെത്തിച്ചത്. അതിദാരിദ്ര്യത്തിലൂടെ കടന്നുപോകുന്ന സുഡാനെ പിടിച്ചുലച്ചതായിരുന്നു 2003 ലെ ആഭ്യന്തര യുദ്ധം. ആ പ്രതിസന്ധികളിൽനിന്ന് ഇനിയും ജനത കരകയറിയിട്ടില്ല. അന്ന് ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം പ്രാപിച്ച ആയിരക്കണക്കിന് ആളുകൾക്ക് 21 വർഷത്തിനിപ്പുറവും വീടുകളിലേക്ക് മടങ്ങാനായിട്ടില്ല.
eesgsg