ലബനാന് വൻ സഹായവുമായി ഫ്രാൻസ് ഉൾപ്പെടെ 70ലേറെ രാജ്യങ്ങളും സംഘടനകളും


പാരിസ്: ഇസ്രായേൽ-ഹിസ്ബുല്ല ഏറ്റുമുട്ടലിനെ തുടർന്ന് നിരവധി പേർ കൊല്ലപ്പെടുകയും ലക്ഷക്കണക്കിനുപേർ നാടുവിട്ടു പോവുകയും ചെയ്ത ലബനാന് വൻ സഹായവുമായി ഫ്രാൻസ് ഉൾപ്പെടെ 70ലേറെ രാജ്യങ്ങളും സംഘടനകളും രംഗത്ത്. ഫണ്ട് ശേഖരണത്തിനായി ഫ്രാൻസിന്റെ നേതൃത്വത്തിൽ പാരിസിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ ഒരു ബില്ല്യൻ ഡോളറിന്റെ (8400 കോടി രൂപ) സഹായമാണ് ലബനാന് ലഭിച്ചത്. ഇതിൽ 800 ദശലക്ഷം ഡോളർ സമൂഹിക സേവനങ്ങൾക്കും 200 ദശലക്ഷം ഡോളർ സുരക്ഷസേനക്കുമാണ് നൽകുകയെന്ന് ഫ്രാൻസിന്റെ വിദേശകാര്യ മന്ത്രി ജീൻ നോയൽ ബാരറ്റ് പറഞ്ഞു. ലബനാനും സിറിയക്കും ജർമനി 96 ദശലക്ഷം യൂറോയുടെ സഹായം പ്രഖ്യാപിച്ചു. ഇറ്റലി 10.8 ദശലക്ഷം ഡോളറിന്റെ അധിക സഹായം നേരത്തെ അനുവദിച്ചിരുന്നു. ലബനാന് അടിയന്തരമായി ആവശ്യമുണ്ടെന്ന് യു.എൻ പറഞ്ഞ 426 ദശലക്ഷം ഡോളർ ഫണ്ട് ശേഖരിക്കാനാണ് ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവേൽ മാക്രോണിന്റെ നേതൃത്വത്തിൽ സമ്മേളനം വിളിച്ചുകൂട്ടിയത്. യുദ്ധം കാരണം നാടുവിടേണ്ടി വന്നവർക്കും അവരെ സംരക്ഷിക്കുന്നവർക്കും അടിയന്തരമായി വൻ സഹായം ആവശ്യമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽത്തന്നെ മാക്രോൺ അഭ്യർഥിച്ചിരുന്നു.

യുദ്ധം അവസാനിക്കുന്നതോടെ മുൻ കോളനിയായ ലബനാന്റെ സായുധ സേനയെ ശക്തിപ്പെടുത്തി അതിർത്തിയിൽ വിന്ന്യസിപ്പിക്കുന്നതിന് അന്താരാഷ്ട്ര പിന്തുണ ഏകോപിപ്പിക്കാനും സമ്മേളനം ലക്ഷ്യമിടുന്നതായി മാക്രോൺ പറഞ്ഞു. 6000 സൈനികരെ പുതുതായി സൈന്യത്തിൽ ചേർക്കാനാണ് പദ്ധതി. ഇവരെ വിന്ന്യസിക്കുന്നത് തെക്കൻ മേഖലയിലെ അതിർത്തിയിൽ നിന്ന് ഹിസ്ബുല്ല പിന്മാറാൻ ഇടയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്സിന്റെ റെക്കോഡ് ചെയ്ത വിഡിയോ സന്ദേശം സമ്മേളനത്തിൽ പ്രദർശിപ്പിച്ചു. ഈ യുദ്ധം രാജ്യത്തിനുണ്ടാക്കിയ വിനാശകരമായ ആഘാതം പറഞ്ഞറിയിക്കാൻ കഴിയില്ലെന്ന് സമ്മേളനത്തിൽ പങ്കെടുത്ത ലബനാൻ പ്രധാനമന്ത്രി നജീബ് മീകാതി പറഞ്ഞു. ഇസ്രായേൽ ആക്രമണം മനുഷ്യരുടെ ദുരിതത്തിനും ജീവഹാനിക്കും മാത്രമല്ല, രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾക്കും സമ്പദ്‌വ്യവസ്ഥക്കും സാമൂഹിക ഘടനക്കും കനത്ത നാശം വരുത്തിയതായും അദ്ദേഹം വ്യക്തമാക്കി. ആക്രമണത്തെ തുടർന്ന് അഞ്ചുലക്ഷം കുട്ടികൾ അടക്കം 14 ലക്ഷം പേർ ഇതിനകം കുടിയിറക്കപ്പെട്ടതായി നജീബ് അറിയിച്ചു. അഞ്ചുവർഷമായി രാജ്യം തുടരുന്ന സാമ്പത്തിക പ്രതിസന്ധി ഏറ്റവും രൂക്ഷമായി ബാധിച്ചത് ലബനാൻ സൈന്യത്തെയാണ്. ഇസ്രായേൽ ആക്രമണത്തെ പ്രതിരോധിക്കാൻ കഴിയുന്ന ആധുനിക ആയുധങ്ങളൊന്നും ലബനാൻ സൈന്യത്തിനില്ല. 80,000 അംഗങ്ങളാണ് ലബനാൻ സൈന്യത്തിനുള്ളത്. ഇതിൽ 5000 ത്തോളം പേരെ തെക്കൻ മേഖലയിലാണ് വിന്യസിച്ചിരിക്കുന്നത്. അതേസമയം, ഹിസ്ബുല്ലക്ക് ലക്ഷത്തിലേറെ പോരാളികളാണുള്ളത്. ഇറാന്റെ പിന്തുണയോടെ ആയുധ ശേഖരവും അവർ വികസിപ്പിച്ചിട്ടുണ്ട്.

article-image

sdfsd

You might also like

Most Viewed