‘ഇത് നിങ്ങളുടെ ഭൂമിയല്ല, നിങ്ങൾ എന്റെ രാജാവുമല്ല’; ആസ്‌ട്രേലിയൻ പാർലമെന്റ് സന്ദർശിച്ച ചാൾസ് രാജാവിനെതിരെ മുദ്രാവാക്യം വിളിച്ച് സെനറ്റർ
കാൻബറ: ആസ്‌ട്രേലിയൻ പാർലമെന്റ് സന്ദർശിച്ച ചാൾസ് രാജാവിനെതിരെ രൂക്ഷഭാഷയിൽ മുദ്രാവാക്യം വിളിച്ച് ആസ്ട്രേലിയൻ സെനറ്റർ ലിഡിയ തോർപ്പ്. പാർലമെന്റിൽ രാജാവ് സംസാരിച്ചതിനു ശേഷമാണ് സെനറ്റർ ‘ഇത് നിങ്ങളുടെ ഭൂമിയല്ല, നിങ്ങൾ എന്റെ രാജാവുമല്ല’ എന്ന് അത്യുച്ചത്തിൽ വിളിച്ചു പറഞ്ഞത്. ലിഡിയ തോർപ്പിന്റെ പരാമർശം സഭ വാസികളെ ഒന്നടങ്കം ഞെട്ടിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ‘ഞങ്ങളുടെ ഭൂമി ഞങ്ങൾക്ക് തിരികെ തരൂ! നിങ്ങൾ ഞങ്ങളിൽ നിന്ന് മോഷ്ടിച്ചത് ഞങ്ങൾക്ക് തരൂ’വെന്നും അവർ പറഞ്ഞു.
100 വർഷത്തിലധികം ഓസ്‌ട്രേലിയ ബ്രിട്ടീഷ് കോളനിയായിരുന്നു. ഇപ്പോഴും വിദേശ ബന്ധങ്ങളിലടക്കം ആസ്ട്രേലിയ പിന്തുടരുന്നത് ബ്രിട്ടീഷ് നയങ്ങളാണ്. കോളനിക്കാലത്ത് ആയിരക്കണക്കിന് ആദിവാസികളായ ഓസ്‌ട്രേലിയക്കാർ കൊല്ലപ്പെടുകയും നിരവധിപേർ പലായനം ചെയ്യുകയും ചെയ്തിരുന്നു. 1901ൽ രാജ്യം സ്വാതന്ത്ര്യം നേടിയെങ്കിലും ഒരിക്കലും ഒരു സമ്പൂർണ റിപ്പബ്ലിക്കായി മാറിയിട്ടില്ല. ചാൾസ് രാജാവാണ് നിലവിലെ ആസ്ട്രേലിയൻ രാജാവ്. രാജവാഴ്ചയോടുള്ള കടുത്ത എതിർപ്പ് രേഖപ്പെടുത്തുന്ന സെനറ്ററായാണ് തോർപ്പ് അറിയപ്പെടുന്നത്. 2022ൽ അവർ സെനറ്ററായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ എലിസബത്ത് രാജ്ഞിയെ സേവിക്കുമെന്ന് പറയുമ്പോൾ മുഷ്ടി ഉയർത്തിയത് വിവാദമായിരുന്നു. തുടർന്ന് കാർഡിൽ അച്ചടിച്ചിരിക്കുന്നതുപോലെ നിങ്ങൾ സത്യപ്രതിജ്ഞ ചൊല്ലേണ്ടതുണ്ടെന്ന് ചേംബർ പ്രസിഡന്റ് സ്യൂ ലൈൻസ് നിർദേശിക്കുകയായിരുന്നു. സംഭവം വിദേശമാധ്യമങ്ങളിൽ വൻ ചർച്ചയായിട്ടുണ്ട്.
sfsdf