ഗുർപത്‍വന്ത് പന്നു വധശ്രമക്കേസ്; ഇന്ത്യയുടെ മുൻ റോ ഉദ്യോഗസ്ഥനെതിരെ കുറ്റം ചുമത്തി യു.എസ്
ന്യൂഡൽഹി: ഗുർപത്‍വന്ത് പന്നു വധശ്രമക്കേസിൽ ഇന്ത്യയുടെ മുൻ റോ ഉദ്യോഗസ്ഥനെതിരെ കുറ്റം ചുമത്തി യു.എസ് നീതി വകുപ്പ്. വികാസ് യാദവ് എന്നയാൾക്കെതിരെയാണ് യു.എസ് നീതിവകുപ്പിന്റെ നടപടിയെന്നാണ് സൂചന. അമേരിക്കക്കാരെ ലക്ഷ്യമിട്ടും അവരുടെ സുരക്ഷക്ക് തുരങ്കം വെക്കാനുമുള്ള നീക്കങ്ങൾക്കുമെതിരെ ഒരു വിട്ടുവീഴ്ചയും ഉണ്ടാവില്ലെന്നതിന്റെ തെളിവാണ് ഇന്നത്തെ കേസെന്നും യു.എസ് അറ്റോണി ജനറൽ മെറിക് ബി ഗാർലാൻഡ് പറഞ്ഞു. 2023 മെയിലാണ് പന്നുവിനെ കൊല്ലാനുള്ള നീക്കങ്ങൾക്ക് യാദവ് തുടക്കം കുറിക്കുന്നത്. ഇന്ത്യയിലും വിദേശത്തുമുള്ള ആളുകളുമായി ബന്ധപ്പെട്ട് പന്നുവിന് കൊലപ്പെടുത്തുന്നതിനുള്ള ഗൂഢാലോചന അന്ന് സർക്കാർ ഉദ്യോഗസ്ഥനായ യാദവ് തുടക്കം കുറിച്ചുവെന്നാണ് റിപ്പോർട്ട്.
പന്നുവിനെ വധിക്കുന്നതിനായി യാദവിനൊപ്പമുണ്ടായിരുന്ന നിഖിൽ ഗുപ്ത പിടിയിലായതോടെയാണ് ഗൂഢാലോചന പുറത്ത് വന്നതെന്നാണ് യു.എസ് പറയുന്നത്. കഴിഞ്ഞ വർഷം പ്രാഗിൽ നിന്നാണ് ഇയാൾ പിടിയിലായത്. പിന്നീട് ഇയാളെ യു.എസിന് കൈമാറുകയായിരുന്നു. യാദവും ഗുപ്തയും ചേർന്ന് ഒരാളെ വാടകക്കെടുത്ത് പന്നുവിനെ വധിക്കുന്നതിനായി 100,000 ഡോളറിന് കരാർ നൽകിയെന്നാണ് കേസ്. എന്നാൽ, ഇവർ വധിക്കുന്നതിനായി കരാർ നൽകിയയാൾ എഫ്.ബി.ഐക്ക് വിവരം നൽകുന്നയാളായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം, യാദവ് ഇപ്പോൾ ഇയാൾ കേന്ദ്രസർക്കാർ ജീവനക്കാരനല്ലെന്നാണ് വിദേശകാര്യമന്ത്രാലയം നൽകുന്ന വിശദീകരണം.
sdfgsdg