ഗാസയിലെ സഹായവിതരണം വർധിപ്പിച്ചില്ലെങ്കിൽ സൈനികസഹായം വെട്ടിച്ചുരുക്കുമെന്ന് ഇസ്രയേലിന് അമേരിക്കയുടെ മുന്നറിയിപ്പ്
വാഷിംഗ്ടൺ ഡിസി: ഗാസയിലെ സഹായവിതരണം 30 ദിവസത്തിനകം വർധിപ്പിച്ചില്ലെങ്കിൽ സൈനികസഹായം വെട്ടിച്ചുരുക്കേണ്ടിവരുമെന്ന് ഇസ്രയേലിനോട് അമേരിക്ക. വടക്കൻ ഗാസയിലെ ഇസ്രേലി സൈനിക നടപടിയിൽ സാധാരണ ജനങ്ങൾ വൻതോതിൽ കൊല്ലപ്പെടുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഇക്കാര്യം വ്യക്തമാക്കുന്ന കത്ത് ഞായറാഴ്ച അമേരിക്ക കൈമാറിയത്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കനും പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനുമാണു കത്തിൽ ഒപ്പുവച്ചിരിക്കുന്നത്. ഗാസയുടെ ശോചനീയാവസ്ഥയിൽ അമേരിക്കയ്ക്ക് അത്യധികം ഉത്കണ്ഠയുണ്ടെന്നു കത്തിൽ പറയുന്നു.
കഴിഞ്ഞമാസം ഗാസയുടെ തെക്ക്, വടക്ക് മേഖലകൾക്കിടയിലെ സഹായവിതരണം ഇസ്രേലി സേന തടസപ്പെടുത്തുകയുണ്ടായി. അമേരിക്കയുടെ ഉത്കണ്ഠ പരിഹരിക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് ഇസ്രേലി വൃത്തങ്ങൾ പ്രതികരിച്ചു. തിങ്കളാഴ്ച ഇസ്രേലി അധികൃതർ ലോക ഭക്ഷ്യപദ്ധതിയുടെ 30 ലോറികൾ വടക്കൻ ഗാസയിൽ പ്രവേശിക്കാൻ അനുവദിച്ചു. രണ്ടാഴ്ചയ്ക്കുശേഷമാണു മേഖലയിൽ ഭക്ഷണം എത്തിച്ചേരുന്നത്. ഇസ്രയേലിന് ഏറ്റവും കൂടുതൽ ആയുധങ്ങൾ ലഭിക്കുന്നത് അമേരിക്കയിൽനിന്നാണ്. അതിനിടെ ഗാസ യുദ്ധത്തിൽ ഹമാസിന്‍റെ ഡ്രോൺ യൂണിറ്റ് കമാൻഡർ മഹ്‌മൂദ് അൽ മബ്ഹൂത്തിനെ വധിച്ചതായി ഇസ്രേലി സേന അറിയിച്ചു. ജബലിയ മേഖലയിലെ പോരാട്ടത്തിൽ അന്പതിലേറെ ഭീകരവാദികളും കൊല്ലപ്പെട്ടു.
setest