വടക്കൻ ഗാസയിലെ സ്ഥിതി അങ്ങേയറ്റം ഗുരുതരം; അടിയന്തര ഇടപെടൽ വേണമെന്ന് യുഎൻ
ഗാസ സിറ്റി: വടക്കൻ ഗാസയിലെ സ്ഥിതി അങ്ങേയറ്റം ഗുരുതരമാണെന്നും അടിയന്തര ഇടപെടലുണ്ടായില്ലെങ്കിൽ സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമാകുമെന്നും ഐക്യരാഷ്‌ട്ര സംഘടനയുടെ മുന്നറിയിപ്പ്. രണ്ടാഴ്‌ചയ്‌ക്കിടയിൽ ആദ്യമായി വടക്കൻ ഗാസയിൽ ഭക്ഷണമെത്തിച്ച ശേഷമാണ് യുഎൻ പ്രസ്‌താവനയിറക്കിയത്. മേഖലയിൽ ഏകദേശം നാലുലക്ഷംപേര്‍ അവശേഷിക്കുന്നതെന്നും യുഎൻ പറഞ്ഞു. അതിനിടെ ഗാസയിലെ അഭയാർഥി ക്യാമ്പുകൾ കേന്ദ്രീകരിച്ചുള്ള ആക്രമണം ഇസ്രയേൽ കടുപ്പിച്ചു. ഒരു ദിവസത്തിനിടെ 55 പേരെയാണ് സൈന്യം കൊന്നുതള്ളിയത്. ജബലിയ മേഖലയിലെ ഏറ്റവും വലിയ അഭയാർഥി ക്യാമ്പായ അൽ ഫലൂജയ്‌ക്ക് സമീപം ഇസ്രയേൽ വെടിവയ്‌പിൽ 15 പേർ കൊല്ലപ്പെട്ടു. ഖാൻയൂനിസിലെ അഭയാർഥി ക്യാമ്പിൽ 10 പേരും കൊല്ലപ്പെട്ടു. ഗാസയിൽ ആകെ മരിച്ചവരുടെ എണ്ണം 42,344 ആയി.
ലെബനനിൽ ഇസ്രയേൽ നടത്തുന്ന ആക്രമണപരമ്പരയുടെ ഭാഗമായി മൂന്നാഴ്‌ചയ്‌ക്കിടെ നിരാലംബരായത് 4 ലക്ഷം കുട്ടികളെന്ന് യുനിസെഫ് വ്യക്തമാക്കുന്നു. വീടുകൾ തകർന്നും മാതാപിതാക്കളെ നഷ്ടമായും ഭാവി എന്തെന്നറിയാത്ത അവസ്ഥയിലാണ് മഹാഭൂരിപക്ഷം കുട്ടികളും. ജനവാസ മേഖലകൾ കേന്ദ്രീകരിച്ചാണ് ഇസ്രയേൽ ആക്രമണമെന്നും യുനിസെഫ് പറഞ്ഞു.
ഗാസയിലെയും ലെബനനിലേയും കടന്നാക്രമണം അവസാനിപ്പിക്കാൻ ഇസ്രയേൽ തയാറാകണമെന്നും വെടിനിർത്തൽ മാത്രമാണ് പ്രശ്‌നപരിഹാരത്തിന്റെ ഏക ഉപാധിയെന്നും ഹിസ്‌ബുള്ള നേതാവ് നയിം ഖാസെ പറഞ്ഞു. ഗാസൻ ജനതയുടെ ചെറുത്തുനിൽപ്പിനെ മറികടക്കാൻ ഇസ്രയേലിനാകില്ല. ജൻമനാടിന് വേണ്ടി മരിച്ചുവീഴാൻ മുഴുവൻ ഗാസക്കാരും ഒരുക്കമാണെന്നും അവരെ ഹിസ്‌ബുള്ള പിന്തുണയ്‌ക്കുമെന്നും
ഖാസെം പറഞ്ഞു.
അതിനിടെ റഷ്യയിലേക്ക് മിസൈലുകളും ഡ്രോണുകളും കൈമാറിയെന്നാരോപിച്ച് ഇറാന്റെ ഉപ പ്രതിരോധ മന്ത്രിയും ദേശീയ വിമാനക്കമ്പനിയും ഉൾപ്പെടെ ഒരു ഡസനിലധികം വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ യൂറോപ്യൻ യൂണിയൻ ഉപരോധം ഏർപ്പെടുത്തി. ഇറാൻ എയർ ഉൾപ്പെടെ മൂന്ന് സ്ഥാപനങ്ങളുടെ ആസ്‌തി മരവിപ്പിക്കാനും തീരുമാനിച്ചു.
cxvxv