യുഎൻ സമാധാന സേനയ്ക്കുനേരെ 
ഇസ്രയേൽ ആക്രമണം


ലോകരാജ്യങ്ങളുടെ കടുത്ത പ്രതിഷേധത്തിനിടയിലും തെക്കൻ ലബനനിലെ യു എൻ സമാധാനസേനയ്ക്കുനേരെ ആക്രമണം തുടർന്ന്‌ ഇസ്രയേൽ. വെള്ളി രാവിലെ തെക്കൻ ലബനനിലെ നഖോറയിലെ സമാധാന സേനാ ആസ്ഥാനത്തേക്കുണ്ടായ ആക്രമണത്തിൽ രണ്ടുപേർക്ക്‌ പരിക്കേറ്റു. വ്യാഴാഴ്ച ഇസ്രയേൽ ആക്രമിച്ച വാച്ച്‌ ടവറിന്‌ സമീപംതന്നെയാണ്‌ വീണ്ടും സ്‌ഫോടനമുണ്ടായത്‌. വ്യാഴാഴ്ച ഇസ്രയേൽ ടാങ്ക്‌ സമാധാന സേനാ ആസ്ഥാനത്തേക്ക്‌ വെടിയുതിർത്തിരുന്നു. താവളം ഭാഗികമായി തകർന്നതായാണ്‌ റിപ്പോർട്ട്‌. ഇസ്രയേൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാൽ, അന്താരാഷ്ട്രതലത്തിൽ ഇസ്രയേലിനെതിരെ വിമർശം രൂക്ഷമായി.

ലബനനിലെ യു എൻ സമാധാന സേനയിൽ അറുന്നൂറിലധികം ഇന്ത്യൻ സൈനികരുണ്ട്‌. യു എൻ സേനയ്ക്കുനേരെയുണ്ടാകുന്ന ഒരാക്രമണവും അംഗീകരിക്കാനാകില്ലെന്ന്‌ ഇന്ത്യൻ വിദേശ മന്ത്രാലയം പ്രതികരിച്ചു. ഇതുവരെയുള്ള ആക്രമണങ്ങളിൽ സമാധാനസേനാംഗങ്ങൾക്ക്‌ ഗുരുതര പരിക്ക്‌ ഏറ്റിട്ടില്ലെന്നും എന്നാൽ, തുടർച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങൾ ആശങ്കയുണ്ടാക്കുന്നെന്നും യു എൻ പറഞ്ഞു. ബ്രിട്ടനും അപലപിച്ചു. അതിനിടെ, ലബനൻ അതിർത്തിയിലെ യു എൻ താവളത്തിന്റെ വളപ്പിലേക്ക്‌ ഇസ്രയേൽ ബുൾഡോസർ ഇടിച്ചുകയറ്റിയതായി യു എൻ മിഷൻ പറഞ്ഞു. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ്‌ ഇസ്രയേൽ നടത്തുന്നതെന്നും ചൂണ്ടിക്കാട്ടി.

article-image

asdas

You might also like

Most Viewed