ദക്ഷിണ കൊറിയൻ എഴുത്തുകാരി ഹാൻ കാങ്ങിന് സാഹിത്യ നൊബേൽ


സ്റ്റോക് ഹോം: ‘ദി വെജിറ്റേറിയൻ’ എന്ന നോവലിലൂടെ വിശ്വപ്രശസ്തയായ ദക്ഷിണ കൊറിയൻ എഴുത്തുകാരി ഹാൻ കാങ്ങിന് സാഹിത്യ നൊബേൽ. ചരിത്രപരമായ ആഘാതങ്ങൾ അഭിമുഖീകരിക്കുകയും മനുഷ്യജീവിതത്തിന്റെ ദുർബലതകൾ തുറന്നുകാണിക്കുകയും ചെയ്യുന്ന തീക്ഷ്ണവും കാവ്യാത്മകവുമായ ഗദ്യങ്ങൾ ആവിഷ്കരിച്ചതിനാണ് പുരസ്കാരമെന്ന് നൊബേൽ കമ്മിറ്റി സെക്രട്ടറി മാറ്റ്സ് മാം പറഞ്ഞു. 53കാരിയായ ഹാൻ കാങ്ങിന് 2016ൽ അന്താരാഷ്ട്ര ബുക്കർ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. സാഹിത്യ നൊബേൽ ലഭിക്കുന്ന 18ാമത്തെ വനിതയും ആദ്യ ദക്ഷിണ കൊറിയൻ എഴുത്തുകാരിയുമാണ് ഹാൻ. ഡിസംബർ പത്തിന് ഓസ്ലോയിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം വിതരണംചെയ്യും. ഏതാണ്ട് 8.8 കോടി ഇന്ത്യൻ രൂപയാണ് സമ്മാനത്തുക.

30 വർഷം മുമ്പ് കവിതയിലൂടെ എഴുത്തുജീവിതം ആരംഭിച്ച ഹാൻ, പതിയെ നോവലുകളിലേക്കും ചെറുകഥകളിലേക്കും പ്രവേശിക്കുകയായിരുന്നു. പുരുഷാധിപത്യ കുടുംബവ്യവസ്ഥ സൃഷ്ടിക്കുന്ന സംഘർഷങ്ങളും ആകുലതകളും അവർ കാവ്യാത്മകമായി അവതരിപ്പിച്ചു. അതിന്റെ ലക്ഷണമൊത്ത ഉദാഹരണമായിരുന്നു ‘ദി വെജിറ്റേറിയൻ’. 2007ൽ രചിക്കപ്പെട്ട നോവൽ 2015ൽ ഇംഗ്ലീഷിലേക്ക് വിവർത്തനംചെയ്യപ്പെട്ടതോടെയാണ് വ്യാപക ചർച്ചയായത്. തൊട്ടടുത്ത വർഷം ബുക്കർ പുരസ്കാരത്തിന് അർഹമായതോടെ മലയാളമടക്കം 30ലധികം ഭാഷകളിലേക്ക് തർജമ ചെയ്യപ്പെട്ടു. മലയാള വിവർത്തനം നിർവഹിച്ചത് പ്രശസ്ത എഴുത്തുകാരൻ സി.വി. ബാലകൃഷ്ണനാണ്. ‘ദി വെജിറ്റേറിയനു’ശേഷം പുറത്തിറങ്ങിയ ആത്മകഥാംശമുള്ള ‘ദി വൈറ്റ് ബുക്ക്’ 2018ലെ ബുക്കർ പുരസ്കാരത്തിന്റെ അന്തിമപട്ടികയിൽ ഇടംപിടിക്കുക കൂടി ചെയ്തതോടെ ഹാനിന്റെ എഴുത്തുകൾക്ക് പ്രിയമേറി.
ഹ്യൂമൻ ആക്റ്റ്സ്, ഗ്രീക് ലെസൻസ്, വി ഡു നോട്ട് പാർട്ട് എന്നിവയാണ് ഹാനിന്റെ ശ്രദ്ധിക്കപ്പെട്ട നോവലുകൾ. ഇതിൽ ‘വി ഡു നോട്ട് പാർട്ട്’ അടുത്ത വർഷം ആദ്യം ഇംഗ്ലീഷിൽ പുറത്തിറങ്ങുമെന്ന് കഴിഞ്ഞദിവസങ്ങളിൽ റിപ്പോർട്ടുണ്ടായിരുന്നു. ’95ൽ പുറത്തിറങ്ങിയ ‘ലവ് ഓഫ് യിസോ’ ആണ് പ്രഥമ നോവൽ. ടു ഡേയ്സ് യങ് ആർട്ടിസ്റ്റ് അവാർഡ്, യങ് ആർട്ടിസ്റ്റ് അവാർഡ്, കൊറിയൻ ലിറ്ററേച്ചർ പ്രൈസ് തുടങ്ങി നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.

article-image

േ്ിേി

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed