ഇറാൻ ഉടൻ സ്വതന്ത്രമാകുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു
തെൽ അവീവ്: ഇറാൻ ഉടൻ സ്വതന്ത്രമാകുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. ഇറാന്‍റെ പിന്തുണയുള്ള ഹിസ്ബുല്ലക്കെതിരെ എന്ന പേരിൽ ലെബനാനിൽ കടന്നുകയറിയുള്ള ആക്രമണം തുടരവെ ഇറാനികളെ അഭിസംബോധന ചെയ്യുകയാണെന്ന് പറഞ്ഞായിരുന്നു നെതന്യാഹുവിന്റെ പ്രസംഗം. ‘ശ്രേഷ്ഠരായ പേർഷ്യൻ ജനത’ എന്നാണ് നെതന്യാഹു അഭിസംബോധന ചെയ്തിരിക്കുന്നത്.ഖാംനഈ ഭരണകൂടം പശ്ചിമേഷ്യയെ അന്ധകാരത്തിലേക്ക് ആഴ്ത്തിയെന്നും ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യം എന്നീ മേഖലകളിൽ ഇറാനികൾക്കായി ഒന്നും ചെയ്തില്ലെന്നും നെതന്യാഹു കുറ്റപ്പെടുത്തി. എല്ലാ ദിവസവും നിങ്ങളെ കീഴ്പ്പെടുത്തിയിരിക്കുന്ന ഭരണകൂടത്തെയാണ് നിങ്ങൾ കാണുന്നത്. ലെബനാനെയും ഗസ്സയെയും പ്രതിരോധിക്കുന്നതിനെക്കുറിച്ച് തീക്ഷ്ണമായ പ്രസംഗങ്ങൾ അവർ നടത്തുന്നു. എന്നിട്ടും, ഓരോ ദിവസവും ആ ഭരണകൂടം നമ്മുടെ പ്രദേശത്തെ അന്ധകാരത്തിലേക്കും യുദ്ധത്തിലേക്കും ആഴ്ത്തുകയാണ് ചെയ്യുന്നത്. ഇസ്രായേലിന്‍റെ സൈനിക ശക്തിയിലും അടുത്തിടെ നടന്ന ഭീകര നേതാക്കളുടെ കൊലപാതകങ്ങളിലും അഭിമാനം തോന്നുന്നു -നെതന്യാഹു പറഞ്ഞു.
ഭരണകൂടം തങ്ങളുടെ ഒരു കാര്യവും ശ്രദ്ധിക്കുന്നില്ലെന്ന് ഇറാനിലെ ബഹുഭൂരിപക്ഷത്തിനും അറിയാം. നിങ്ങളുടെ ഭരണകൂടം ശരിക്കും നിങ്ങളെ സംരക്ഷിക്കുന്നവരായിരുന്നെങ്കിൽ പശ്ചിമേഷ്യയിലെ വ്യർത്ഥമായ യുദ്ധങ്ങൾക്കായി കോടിക്കണക്കിന് ഡോളർ പാഴാക്കുന്നത് അവസാനിപ്പിക്കുമായിരുന്നു. അങ്ങനെ നിങ്ങളുടെ ജീവിതം മെച്ചപ്പെടുമായിരുന്നു.ഇറാൻ ഒടുവിൽ സ്വതന്ത്രമാകുമ്പോൾ എല്ലാം വ്യത്യസ്തമായിരിക്കും. ആ നിമിഷം ആളുകൾ കരുതുന്നതിലും വളരെ വേഗത്തിൽ സംജാതമാകും. രണ്ട് പുരാതന ജനത - ജൂത ജനതയും പേർഷ്യൻ ജനതയും ഒടുവിൽ സമാധാനം കണ്ടെത്തും. നമ്മുടെ രണ്ട് രാജ്യങ്ങളായ ഇസ്രായേലും ഇറാനും സമാധാനത്തിലാകും. ഇറാന്‍റെ സ്വാതന്ത്ര്യദിനം വരുമ്പോൾ അഞ്ച് ഭൂഖണ്ഡങ്ങളിലായി നിർമ്മിച്ച ഭീകര ശൃംഖല പാപ്പരാകുകയും തകർക്കപ്പെടുകയും ചെയ്യും. മതഭ്രാന്തൻമാരായ തിയോക്രാറ്റുകളുടെ സംഘങ്ങളെ നിങ്ങളുടെ പ്രതീക്ഷകളും സ്വപ്നങ്ങളും തകർക്കാൻ അനുവദിക്കരുത് -നെതന്യാഹു പറഞ്ഞു.
ോേ്ോ്േ