ലബനാനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 492ലേറെ പേർ കൊല്ലപ്പെട്ടു


ബൈറൂത്: ലബനാനിലെ ജനവാസ കേന്ദ്രങ്ങളിൽ തിങ്കളാഴ്ച ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 492ലേറെ പേർ കൊല്ലപ്പെട്ടു. 1,645 പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ 35 പേർ കുട്ടികളും 58 പേർ സ്ത്രീകളുമാണെന്ന് ലബനാൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇസ്രായേലിന് തിരിച്ചടിയായി ഗലീലി, ഹൈഫ നഗരങ്ങളിലെ സൈനിക കേന്ദ്രങ്ങളിലേക്ക് ഉൾപ്പെടെ റോക്കറ്റാക്രമണം നടത്തിയതായി ഹിസ്ബുല്ല അവകാശപ്പെട്ടു. ഹൈഫയ്ക്ക് വടക്കുള്ള റാഫേൽ ഇലക്ട്രോണിക്സ് കമ്പനിയിലും നോർത്തേൺ കോർപ്സിന്റെ റിസർവ് ആസ്ഥാനത്തും അമിയാദ് ക്യാമ്പിലെ ഗലീലി ഫോർമേഷന്റെ ലോജിസ്റ്റിക്സ് ബേസിലും ഡസൻ കണക്കിന് റോക്കറ്റുകൾ വിക്ഷേപിച്ചതായും അവർ വ്യക്തമാക്കി.ആക്രമണ സാധ്യത മുന്നിൽക്കണ്ട് രാജ്യത്ത് സെപ്തംബർ 30 വരെ ഒരാഴ്ച അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കയാണ് ഇസ്രായേൽ. ഹൈഫ അടക്കമുള്ള നഗരങ്ങളിൽ ഇസ്രായേൽ സൈന്യം മുന്നറിയിപ്പ് സൈറണും മുഴക്കി. യുദ്ധഭീതിയിൽ ആളുകൾ ബങ്കറിലേക്കും മറ്റും ഓടിയൊളിക്കുകയാണ്. ബെക്ക വാലി, ബിൻത് ജിബൈൽ, അയ്തറൂൻ, മജ്ദൽ സലീം, ഹുല, തൗറ, ഖിലൈലിഹ്, ഹാരിസ്, നബി ചിത്, തറയ്യ, ഇഷ്മിസ്തർ, ഹർബത, ലിബ്ബായ, സുഹ്മർ തുടങ്ങി ആയിരത്തോളം കേന്ദ്രങ്ങളെ ആക്രമിച്ചതായാണ് ഇസ്രായേൽ അവകാശവാദം. 2006നുശേഷം ലബനാനിനുനേരെയുണ്ടായതിൽ ഒരുദിവസം ഏറ്റവും കൂടുതലാളുകൾ കൊല്ലപ്പെട്ട ആക്രമണമാണിത്. സംഭവത്തെ യുദ്ധ പ്രഖ്യാപനമെന്ന് വിശേഷിപ്പിച്ചാണ് ഹിസ്ബുല്ലയുടെ തുറന്ന യുദ്ധപ്രഖ്യാപനം. അതിനിടെ, വടക്കൻ അതിർത്തിയിൽ ഇസ്രായേൽ സേനാവിന്യാസം ശക്തമാക്കിയതും ടാങ്കുകൾ സജ്ജീകരിച്ചതും കടന്നുകയറ്റം സംബന്ധിച്ച സൂചന നൽകുന്നുണ്ട്. എന്നാൽ, കരയാക്രമണം ഉദ്ദേശിക്കുന്നില്ലെന്നാണ് ഇസ്രായേൽ പറയുന്നത്. യുദ്ധവ്യാപനം ഒഴിവാക്കാൻ ഐക്യരാഷ്ട്ര സഭ ഉൾപ്പെടെ ശ്രമിക്കുന്നുണ്ടെങ്കിലും ഫലമുണ്ടായില്ല.

തിങ്കളാഴ്ച ദക്ഷിണ ലബനാനിൽനിന്ന് ആയിരങ്ങൾ ഒഴിഞ്ഞുപോയി. തുറമുഖ നഗരമായ സിദോനിൽനിന്ന് പോകുന്നവരുടെ വാഹനങ്ങൾ നിറഞ്ഞ് ഹൈവേയിൽ ഗതാഗതക്കുരുക്കുണ്ടായി. അഭയം തേടിയെത്തുന്നവരെ സ്വീകരിക്കാൻ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ സ്കൂളുകളും മറ്റും സജ്ജമാക്കുന്നുണ്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് റെഡ് ക്രോസ് സജ്ജീകരണമാരംഭിച്ചു. ഇസ്രായേൽ ഗസ്സയെ ആക്രമിച്ചതോടെയാണ് ഹിസ്ബുല്ല ഇസ്രായേലിനെ ലക്ഷ്യമിട്ട് നിയന്ത്രിത റോക്കറ്റാക്രമണങ്ങൾ നടത്തിവന്നത്. ഇസ്രായേൽ തിരിച്ചും ഇതേ രീതിയിൽ ആക്രമിച്ചു. പൂർണ യുദ്ധത്തിലേക്ക് നീങ്ങാതിരിക്കാൻ രണ്ടുപക്ഷവും ശ്രദ്ധിച്ചെങ്കിലും ഹിസ്ബുല്ല കമാൻഡർ ഇബ്രാഹിം അഖീൽ കൊല്ലപ്പെട്ടതടക്കം സംഘർഷത്തിന്റെ വ്യാപ്തി വർധിക്കാനിടയാക്കി. ജനങ്ങളോട് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ട് ഇസ്രായേലിൽനിന്ന് 80,000ത്തിലധികം ഫോൺ കാൾ വന്നതായി ലബനീസ് ടെലികോം ഓപറേറ്റർ ഒഗെറോ മേധാവി ഇമാദ് കിറൈദിഹ് പറഞ്ഞു.

article-image

dsfgdsg

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed