ഇസ്രായേൽ വ്യോമാക്രമണത്തിൽ ഹിസ്ബുല്ലയുടെ മുതിർന്ന കമാൻഡർ കൊല്ലപ്പെട്ടു


ബൈറൂത്: ലബനാന്റെ തലസ്ഥാനമായ ബൈറൂതിന് തൊട്ടടുത്ത ജനവാസ കേന്ദ്രമായ ദാഹിയയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുല്ലയുടെ മുതിർന്ന കമാൻഡർ ഇബ്രാഹീം ആഖിൽ അടക്കം 12 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. 66ലേറെ പേർക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരിൽ കുട്ടികളും ഉൾപ്പെടുന്നതായി ലബനാന്റെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആക്രമണത്തിൽ രണ്ട് കെട്ടിടങ്ങൾ പൂർണമായി തകർന്നു. റദ്‍വാൻ സേന യൂനിറ്റിന്റെ യോഗത്തിനിടെയാണ് ആക്രമണം നടന്നതെന്നും നിരവധി ഹിസ്ബുല്ല കമാൻഡർമാർ കൊല്ലപ്പെട്ടതായും ഇസ്രായേൽ സൈനിക വക്താവ് അവിഷായ് ആൻഡ്രി പറഞ്ഞു. എന്നാൽ, സംഭവത്തെക്കുറിച്ച് ഹിസ്ബുല്ല ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം, അപകടമുണ്ടായ ദാഹിയ ജില്ലയിലെ കെട്ടിടത്തിൽ ആഖിൽ ഉണ്ടായിരുന്നതായി ഹിസ്ബുല്ല ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു. വൈകീട്ട് ഏറെ തിരക്കുള്ള സമയത്തായിരുന്നു ആക്രമണം. ബൈറൂത്തിൽനിന്ന് കിലോമീറ്ററുകൾ മാത്രം അകലെയുള്ള ജാമൂസ് മേഖലയിലെ കെട്ടിടം പൂർണമായും തകർന്ന ദൃശ്യം പ്രാദേശിക ചാനലുകൾ പുറത്തുവിട്ടു.

ഹിസ്ബുല്ലയുടെ ഏറ്റവും ഉയർന്ന സൈനിക വിഭാഗമായ ജിഹാദ് കൗൺസിൽ അംഗമാണ് ഇബ്രാഹീം ആഖിൽ. 1983ൽ ബൈറൂത്തിലെ എംബസിയിൽ 63 പേർ കൊല്ലപ്പെട്ട സംഭവത്തിൽ ഭീകരവാദിയെന്ന് മുദ്രകുത്തി തിരയുകയായിരുന്നു യു.എസ് നീതിന്യായ വകുപ്പ്. 241 പൗരന്മാർ കൊല്ലപ്പെട്ട നാവിക സേന ബാരക്ക് ആക്രമണത്തിലും ഇയാൾക്ക് പങ്കുണ്ടെന്നാണ് യു.എസ് ആരോപണം. ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് യു.എസ് ഏഴ് ദശലക്ഷം ഡോളർ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. വ്യോമാക്രമണത്തിന് പിന്നാലെ ഇസ്രായേലിന്റെ ഉത്തര മേഖലയെ ലക്ഷ്യമിട്ട് ഹിസ്ബുല്ല 140 റോക്കറ്റുകൾ തൊടുത്തു. ഭൂരിഭാഗവും പ്രതിരോധ സംവിധാനമുപയോഗിച്ച് തകർത്തതായും ചിലത് തുറന്ന സ്ഥലങ്ങളിൽ പതിച്ചതായും ഇസ്രായേൽ സൈന്യം അറിയിച്ചു.

article-image

sdfdsf

You might also like

Most Viewed