ഹിസ്ബുല്ലയുടെ ‘പേജറു’കൾ പൊട്ടിത്തെറിച്ച് ഒമ്പത് മരണം
ബൈറൂത്: ലബനീസ് സായുധ ഗ്രൂപ്പായ ഹിസ്ബുല്ല ആശയവിനിമയത്തിനായി ഉപയോഗിക്കുന്ന ‘പേജറു’കൾ പൊട്ടിത്തെറിച്ച് ഒമ്പത് മരണം. കഴിഞ്ഞദിവസം ഉച്ചയോടെയാണ് തെക്കൻ ബൈറൂത്തിലും ലബനാനിലെ നിരവധി പ്രദേശങ്ങളിലും ഒരേസമയം ‘നിഗൂഢ സ്‌ഫോടന’ങ്ങളുണ്ടായത്. ആയിരക്കണക്കിന് ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ ലബനാനിലെ ഇറാൻ അംബാസഡറും ഉൾപ്പെടുന്നു. കടയിൽ നിൽക്കുന്നയാളുടെ പാന്റ്സിന്റെ പോക്കറ്റിൽ നിന്ന് പേജർ പൊട്ടിത്തെറിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കൊല്ലപ്പെട്ടവരിൽ എട്ടുവയസ്സുകാരി ബാലികയും ഉൾപ്പെടും. 200 പേരുടെ നില ഗുരുതരമാണ്. എല്ലാ വസ്തുതകളും വിശകലനം ചെയ്തപ്പോൾ ആക്രമണത്തിന് പിന്നിൽ ഇസ്രായേൽതന്നെയാണെന്ന് വ്യക്തമായെന്ന് ഹിസ്ബുല്ല പ്രതികരിച്ചു. ഫലസ്തീനുള്ള പിന്തുണ തുടരും. ഇസ്രായേൽ നടപടിക്ക് തീർച്ചയായും ശിക്ഷ നൽകും -ഹിസ്ബുല്ല പ്രസ്താവനയിൽ വ്യക്തമാക്കി. ഇത് ഇസ്രായേൽ അധിനിവേശമാണെന്നും രാജ്യത്തിന്റെ പരമാധികാരത്തിന് നേർക്കുള്ള ആക്രമണമാണെന്നും ലബനാൻ മന്ത്രിസഭ അഭിപ്രായപ്പെട്ടു. ആക്രമണം അന്താരാഷ്ട്ര സമൂഹം നോക്കിനിൽക്കരുതെന്ന് വാർത്ത വിനിമയ മന്ത്രി സിയാദ് മകരി പറഞ്ഞു.
ഗസ്സ യുദ്ധത്തിന് പിന്നാലെ ലബനാൻ അതിർത്തിയിൽ സംഘർഷവും ഏറ്റുമുട്ടലും തുടരുന്ന സാഹചര്യത്തിൽ പുതിയ സംഭവത്തിനുപിന്നിൽ ഇസ്രായേൽ തന്നെയാണെന്ന തരത്തിലാണ് വിവിധ ലോകമാധ്യമങ്ങളിലെ റിപ്പോർട്ട്. ലബനാനിലെ ഇറാൻ അംബാസഡറായ മുജ്തബ അമാനിക്കാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹിസ്ബുല്ല നേതാവ് ഹസൻ നസ്റുല്ല നേരത്തെ ഗ്രൂപ്പിലെ അംഗങ്ങൾ സെൽഫോണുകൾ കൈവശം വെക്കരുതെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. അംഗങ്ങളുടെ നീക്കങ്ങൾ നിരീക്ഷിച്ച് സുക്ഷ്മ ആക്രമണങ്ങൾ നടത്താൻ ഇസ്രായേൽ ശ്രമിക്കുമെന്നതിലായിരുന്നു ഇത്. പേജർ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ വയർലെസ് ഉപകരണങ്ങളുടെ ഉപയോഗം ഉടൻ ഒഴിവാക്കണമെന്ന് ആരോഗ്യ മന്ത്രാലയം നിർദേശിച്ചു. രാജ്യത്തെ വിവിധ ആശുപത്രികളിൽ പേജർ സ്ഫോടനത്തിൽ പരിക്കേറ്റ നിരവധി പേരാണ് എത്തുന്നത്. സ്ഫോടനം വൻ സൈബർ ആക്രമണമായാണ് വിദഗ്ധർ വിലയിരുത്തുന്നത്. പേജറുകൾ പൊതുവിൽ പഴയതാണെങ്കിലും ഹിസ്ബുല്ലയുടെയും ഇറാൻ റെവല്യൂഷനറി ഗാർഡിന്റെയും കൈവശം ഇതിന്റെ അതിനൂതന മോഡലുകളുണ്ട്.
ോേ്ിേി്