ഔദ്യോഗിക സന്ദർശനത്തിനായി അബൂദബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ ഇന്ത്യയിൽ


അബൂദബി: ഔദ്യോഗിക സന്ദർശനത്തിനായി അബൂദബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ ഇന്ത്യയിലെത്തി. ഡൽഹി വിമാനത്താവളത്തിൽ ശൈഖ് ഖാലിദിനെ കേന്ദ്ര വ്യവസായ മന്ത്രി പീയുഷ് ഗോയലിന്‍റെ നേതൃത്വത്തിലുള്ള സംഘം സ്വീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അബൂദബി കിരീടാവകാശി തിങ്കളാഴ്ച ചർച്ച നടത്തും. ഉഭയകക്ഷി ബന്ധം ഏറ്റവും ശക്തമായ സാഹചര്യത്തിലാണ് അബൂദബി കിരീടാവകാശിയുടെ ഔദ്യോഗിക ഇന്ത്യാ സന്ദർശനം.

വ്യാപാരം, ഊർജം ഉൾപ്പെടെ വിവിധ തുറകളിൽ പരസ്പര ബന്ധം കൂടുതൽ ശക്തമായ വിതാനത്തിലേക്കു കൊണ്ടു പോകാനുള്ള ചർച്ചകളാകും രണ്ടുനാൾ നീണ്ടുനിൽക്കുന്ന സന്ദർശന വേളയിൽ പ്രധാനമായും നടക്കുക. അബൂദബി കിരീടാവകാശി എന്ന നിലയിൽ ഇതാദ്യമായാണ് ശൈഖ് ഖാലിദ് ഇന്ത്യയിലെത്തുന്നത്. വിവിധ വകുപ്പ് മന്ത്രിമാർ, ഉയർന്ന ഉദ്യോഗസ്ഥർ, ബിസിനസ് നേതാക്കൾ, യു.എ.ഇയിലെ സാമ്പത്തിക രംഗത്തെ പ്രമുഖ പങ്കാളികൾ എന്നിവരും അബൂദബി കിരീടാവകാശിയെ അനുഗമിക്കുന്നുണ്ട്. ഇന്ത്യയുമായുള്ള ഉഭയകക്ഷി, വ്യാപാര-വാണിജ്യ ബന്ധം കൂടുതൽ ശക്തമാക്കാനുള്ള ഭാവി നടപടികൾ മോദി, ഖാലിദ് കൂടിക്കാഴ്ചയിൽ ചർച്ചയാകും. വിവിധ വകുപ്പ് തലവന്മാരുമായും അബൂദബി കിരീടാവകാശി ചർച്ച നടത്തും. മുംബൈയിൽ നടക്കുന്ന ഉഭയകക്ഷി ബിസിനസ് ഫോറത്തിലും അബൂദബി കിരീടാവകാശി സംബന്ധിക്കും. സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ രണ്ടുവർഷം പിന്നിട്ടിരിക്കെ, കയറ്റിറക്കുമതി മേഖലയിൽ വൻകുതിപ്പ് രൂപപ്പെടുത്താൻ ഇരു രാജ്യങ്ങൾക്കുമായി. ഈ വർഷം ഫെബ്രുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ യു.എ.ഇ സന്ദർശന വേളയിൽ ഒപ്പുവെച്ച കരാറുകളുടെ പുരോഗതിയും നേതാക്കൾ ചർച്ച ചെയ്യും.

article-image

sdfsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed