ഗസ്സയിൽ കൊല്ലപ്പെട്ട ബന്ദികളുടെ ബന്ധുക്കളോട് മാപ്പപേക്ഷയുമായി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു
തെൽഅവീവ്: ഗസ്സയിൽ കൊല്ലപ്പെട്ട ബന്ദികളുടെ ബന്ധുക്കളോട് മാപ്പപേക്ഷയുമായി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു രംഗത്ത്. ബന്ദികളുടെ ബന്ധുക്കളെ നേരിൽ കണ്ടാണ് മാപ്പുപറഞ്ഞത്. ഇക്കാര്യം തിങ്കളാഴ്ച രാത്രി ജറുസലേമിൽ നടത്തിയ വാർത്താസമ്മേളനത്തിലും നെതന്യാഹു ആവർത്തിച്ചു. ‘ആറ് ബന്ദികളിൽ ചിലരുടെ കുടുംബങ്ങളോട് സംസാരിക്കുകയും അവരോട് മാപ്പു ചോദിക്കുകയും ചെയ്തു. ഞാൻ കുടുംബങ്ങളോട് പറഞ്ഞകാര്യം ഇവിടെ ആവർത്തിക്കുന്നു: അവരെ ജീവനോടെ തിരികെ കൊണ്ടുവരാൻ കഴിയാത്തതിൽ ഞാൻ നിങ്ങളോട് മാപ്പു ചോദിക്കുന്നു. ഞങ്ങൾ അവരുടെ അടുത്തെത്തിയിരുന്നു. പക്ഷേ വിജയിച്ചില്ല. ഇതിന് ഹമാസ് വലിയ വില നൽകേണ്ടിവരും” -നെതന്യാഹു പറഞ്ഞു.
അതേസമയം, സമ്മർദത്തിന് വഴങ്ങില്ലെന്നും ബന്ദിമോചന കരാറിൽ ഏർപ്പെടണമെങ്കിൽ ഫിലാഡൽഫി ഇടനാഴിയിൽനിന്ന് ഇസ്രായേൽ സേന പിന്മാറണമെന്ന ഹമാസിന്റെ നിർദേശം അംഗീകരിക്കില്ലെന്നും നെതന്യാഹു ആവർത്തിച്ചു. ഈജിപ്ത്- ഗസ്സ അതിർത്തിയിൽ ഇസ്രായേൽ സാന്നിധ്യം നിലനിർത്തി മാത്രമേ വെടിനിർത്തൽ കരാറിന് താൻ സമ്മതിക്കൂ എന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, 100ലേറെ ബന്ദികളെ മോചിപ്പിക്കണമെങ്കിൽ ഗസ്സയിൽ നിന്ന് ഇസ്രായേൽ പൂർണമായി പിൻവാങ്ങണമെന്നാണ് ഹമാസ് മുന്നോട്ടുവെച്ച നിബന്ധന. ഈജിപ്ത് അതിർത്തിയോടുചേർന്ന ഫിലഡെൽഫി ഇടനാഴിയും, തെക്ക്- വടക്കൻ ഗസ്സകളെ നെടുകെ പിളർത്തി നിർമിച്ച നെറ്റ്സാറിം ഇടനാഴിയും അടക്കം ഗസ്സയിലെ മൊത്തം പ്രദേശങ്ങളിൽനിന്നും പൂർണമായി ഇസ്രായേൽ സൈനിക പിന്മാറ്റമില്ലാതെ വെടിനിർത്തൽ കരാറിനില്ലെന്ന് ഹമാസ് ആവർത്തിച്ചു. വീണ്ടും വെടിനിർത്തൽ കരാറിന് യു.എസ് രംഗത്തെത്തിയ സാഹചര്യത്തിലാണ് മുതിർന്ന ഹമാസ് നേതാവ് ഖലീൽ അൽഹയ്യയുടെ വിശദീകരണം. അതിനിടെ, ബന്ദി മോചനമാവശ്യപ്പെട്ട് തൊഴിലാളി സംഘടന ആഹ്വാനം ചെയ്ത പൊതുപണിമുടക്കിലും വൻപ്രതിഷേധങ്ങളിലും ഇസ്രായേൽ സ്തംഭിച്ചു. ശനിയാഴ്ച ഗസ്സയിൽ ആറു ബന്ദികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതിനു പിന്നാലെയാണ് ബന്ദി മോചന കരാറിന് നെതന്യാഹു സർക്കാറിനെ നിർബന്ധിച്ച് ഏറ്റവും വലിയ തൊഴിലാളി സംഘടനയായ ഹിസ്റ്റാഡ്രൂട്ട് പണിമുടക്കിന് ആഹ്വാനം ചെയ്തത്. എട്ടു ലക്ഷം തൊഴിലാളികൾ അംഗങ്ങളായ സംഘടനയാണിത്.
ഉച്ചയോടെ സർക്കാർ നൽകിയ ഇഞ്ചങ്ഷൻ പരിഗണിച്ച കോടതി അടിയന്തരമായി പണിമുടക്ക് നിർത്തിവെക്കാൻ ആവശ്യപ്പെട്ടു. 11 മാസത്തിനിടെ ആദ്യമായാണ് രാജ്യത്ത് നെതന്യാഹു സർക്കാറിനെ പ്രതിക്കൂട്ടിലാക്കി വൻ പണിമുടക്ക്. ജറൂസലമിൽ പ്രധാനമന്ത്രിയുടെ വീടിനു മുന്നിലും തെൽ അവീവിൽ സൈനിക ആസ്ഥാനത്തും സമരക്കാർ വൻ റാലികൾക്ക് ആഹ്വാനം ചെയ്തു. കൊല്ലപ്പെട്ട ബന്ദികളുടെ ഉറ്റവരും പണിമുടക്കിൽ അണിചേരാൻ ആവശ്യപ്പെട്ട് രംഗത്തെത്തിയത് ശ്രദ്ധേയമായി.
drydrty