രണ്ടാഴ്ചത്തെ വിദേശപ്യടനത്തിന് ഫ്രാൻസിസ് മാർപാപ്പ


വത്തിക്കാൻ സിറ്റി: സുദീർഘമായ അപ്പസ്തോലിക പര്യടനത്തിനായി ഫ്രാൻസിസ് മാർപാപ്പ ഇന്ന് പുറപ്പെടും. ഇന്തോനേഷ്യ, പാപ്പുവ ന്യൂഗിനിയ, ഈസ്റ്റ് ടിമൂർ, സിംഗപ്പൂർ രാജ്യങ്ങളിലാണ് സന്ദർശനം നടത്തുന്നത്. ലോകത്ത് ഏറ്റവും കൂടുതൽ മുസ്‌ലിംകളുള്ള രാജ്യമാണ് ഇന്തോനേഷ്യ. ഫ്രാൻസിസ് മാർപാപ്പ എല്ലാ വിദേശയാത്രകൾക്കു മുന്പും പതിവുള്ളതുപോലെ ഇന്നലെ റോമിലെ പരിശുദ്ധ കന്യാമറിയത്തിന്‍റെ വലിയ പള്ളിയിൽ കന്യാമാതാവിന്‍റെ ചിത്രത്തിനു മുന്നിൽ പ്രാര്‌ഥന നടത്തി. ഫ്രാൻസിസ് മാർപാപ്പയുടെ ഏറ്റവും ദൈർഘ്യമേറിയ വിദേശപര്യടനമാണിത്. ഇന്നു വൈകിട്ട് റോമിൽനിന്ന് വിമാനം കയറുന്ന അദ്ദേഹം നാളെ രാവിലെ പതിനൊന്നരയ്ക്ക് ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തയിലെത്തും. ബുധനാഴ്ചയാണ് മാർപാപ്പയുടെ പരിപാടികൾ ആരംഭിക്കുക. വ്യാഴാഴ്ച ജക്കാർത്തയിലെ ഇസ്തിഖ്‌ലാൽ മോസ്കിൽ നടക്കുന്ന മതാന്തര സംവാദത്തിൽ മാർപാപ്പ സന്ദേശം നല്കും. ജക്കാർത്തയിലെ സ്വർഗാരോപിത മാതാവിന്‍റെ കത്തീഡ്രലും ഈ മോസ്കും തുരങ്കംവഴി ബന്ധിതമാണ്.

2020ൽ മതസൗഹാർദത്തിന്‍റെ പ്രതീകമായിട്ടാണ് ഇന്തോനേഷ്യൻ സർക്കാർ 28.3 മീറ്റർ നീളമുള്ള തുരങ്കം നിർമിച്ചത്. ഒരറ്റത്തു പള്ളിയും മറ്റേയറ്റത്തു മോസ്കുമുള്ള തുരങ്കം മാർപാപ്പ സന്ദർശിക്കും. 27.55 കോടി വരുന്ന ഇന്തോനേഷ്യൻ ജനസംഖ്യയുടെ തൊണ്ണൂറു ശതമാനവും മുസ്‌ലിംകളാണ്. 80 ലക്ഷത്തോളമുള്ള കത്തോലിക്കർ മൂന്നു ശതമാനം വരും. ഇന്തോനേഷ്യൻ പ്രസിഡന്‍റ് ജോക്കോ വിഡോഡോ അടക്കമുള്ളവരുമായി മാർപാപ്പ കൂടിക്കാഴ്ച നടത്തും. 1970ൽ പോൾ ആറാമൻ മാർപാപ്പയും 1989ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയും ഇന്തോനേഷ്യ സന്ദർശിച്ചിട്ടുണ്ട്. ഫ്രാൻസിസ് മാർപാപ്പ ആറാം തീയതി ഇന്തോനേഷ്യയിൽനിന്ന് പാപ്പുവ ന്യൂഗിനിയയിലേക്കും പോകും. ഇവിടത്തെ ജനസംഖ്യയിൽ 32 ശതമാനവും (20 ലക്ഷം) കത്തോലിക്കരാണ്. ഒന്പതു മുതൽ 11 വരെ മാർപാപ്പ കിഴക്കൻ ടിമൂറിലായിരിക്കും. ഇവിടെ 96 ശതമാനവും കത്തോലിക്കരാണ് (പത്തുലക്ഷത്തിനു മുകളിൽ). 11 മുതൽ 13 വരെയാണ് സിംഗപ്പൂർ സന്ദർശനം. 3,95,000 വരുത്ത കത്തോലിക്കർ സിംഗപ്പൂർ ജനസംഖ്യയുടെ മൂന്നു ശതമാനമേ വരൂ.

article-image

xvxv

You might also like

Most Viewed