എക്സിന് നിരോധനമേർപ്പെടുത്തി ബ്രസീൽ
റിയോ ഡി ജനീറോ: സമൂഹമാധ്യമ പ്ലാറ്റ്ഫോമായ എക്സിന് നിരോധനമേർപ്പെടുത്തി ബ്രസീൽ സുപ്രീംകോടതി. ജസ്റ്റിസ് അലക്സാൻഡ്രെ ഡി മോറസാണ് നിരോധനമേർപ്പെടുത്തിയുള്ള ഉത്തരവിട്ടത്. രാജ്യത്ത് നിയമപ്രതിനിധിയെ നിയമിക്കാൻ എക്സ് വിസമ്മതിച്ചിരുന്നു. ഇതേ തുടർന്നാണ് നടപടിയുണ്ടായത്. കഴിഞ്ഞ ദിവസം എക്സിന്റെ പ്രതിനിധിയെ നിയമിക്കാൻ ഇലോൺ മസ്കിന് 24 മണിക്കൂർ സമയം സുപ്രീംകോടതി ജസ്റ്റിസ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇക്കാര്യത്തിൽ നടപടിയുണ്ടായിരിക്കുന്നത്. ആഗസ്റ്റ് 17ന് തന്നെ എക്സിന്റെ ബ്രസീലിലെ ഓഫീസ് പൂട്ടിയിരുന്നു. മാസങ്ങളായി മോറെസും എക്സും തമ്മിലുള്ള പോര് തുടരുകയാണ്. ബ്രസീൽ സുപ്രീംകോടതിയുടെ ഉത്തരവുകൾ എക്സ് അനുസരിക്കാത്തതാണ് പ്രശ്നങ്ങൾക്കുള്ള പ്രധാന കാരണം. ജനാധിപത്യത്തിനെതിരായ ഉള്ളടക്കം പോസ്റ്റ് ചെയ്യുന്ന പ്രൊഫൈലുകൾ നീക്കണമെന്ന് എക്സിന് സുപ്രീംകോടതി നിർദേശച്ചിരുന്നുവെങ്കിലും സമൂഹമാധ്യമ പ്ലാറ്റ്ഫോം അത് ചെയ്തിരുന്നില്ല.
വെള്ളിയാഴ്ച നിയമങ്ങൾ അനുസരിക്കാത്തതിന് ബ്രസീലിയൻ സുപ്രീംകോടതി എക്സിന് 3.2 മില്യൺ ഡോളർ പിഴ ചുമത്തിയിരുന്നു. അതേസമയം, നിരോധനത്തിന് പിന്നാലെ തീരുമാനത്തെ ന്യായീകരിച്ച് ബ്രസീൽ സുപ്രീംകോടതി ജസ്റ്റിസ് രംഗത്തെത്തി. നിയമങ്ങൾ അനുസരിക്കുന്നതിൽ വീഴ്ച വരുത്തുകയും പിഴയടക്കാൻ വിസമ്മതിക്കുകയും ചെയ്തതിനാണ് എക്സിനെതിരെ നടപടിയെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിന് നടക്കാനിരിക്കെ വിദ്വേഷ പ്രസംഗങ്ങൾ വ്യാപകമായി തീവ്രസംഘടനകൾ പ്രചരിപ്പിക്കുന്നുണ്ടെന്നും ഇത് തടയാനാണ് താൻ എക്സിന് നിർദേശം നൽകിയതെന്നും മൊറെസ് പറഞ്ഞു. 24 മണിക്കൂറിനുള്ളിൽ എക്സ് ബ്ലോക്ക് ചെയ്യാൻ ബ്രസീൽ ടെലികമ്യൂണിക്കേഷൻ വകുപ്പിന് ഉത്തരവ് നൽകിയിട്ടുണ്ട്. അഞ്ച് ദിവസത്തിനുള്ളിൽ ആപ്പിളും ഗൂഗ്ളും അവരുടെ സ്റ്റോറുകളിൽ നിന്ന് എക്സ് ഒഴിവാക്കാനും കോടതി നിർദ്ദേശിച്ചു.
sdfdsf