ബുർക്കിനോ ഫാസോയിൽ ഇസ്ലാമിക ഭീകരർ നടത്തിയ ആക്രമണത്തിൽ 200ലേറെ പേർ ആക്രമിക്കപ്പെട്ടു
അബുജ: ആഫ്രിക്കൻ രാജ്യമായ ബുർക്കിനോ ഫാസോയിൽ ഇസ്ലാമിക ഭീകരർ നടത്തിയ ആക്രമണത്തിൽ 200ലേറെ നാട്ടുകാരും സൈനികരും കൊല്ലപ്പെട്ടു. 140 പേർക്കു പരിക്കേറ്റു. രാജ്യത്തിന്‍റെ മധ്യഭാഗത്തെ നഗരമായ കായായ്ക്കു സമീപം ബർസലോഗോ ഗ്രാമത്തിൽ ഞായറാഴ്ചയായിരുന്നു ആക്രമണം. ജിഹാദി ആക്രമണത്തിൽനിന്നു രക്ഷതേടി വലിയ കിടങ്ങ് കുഴിക്കുന്നതിനിടെയായിരുന്നു ഭീകരരെത്തിയത്. ഡസൻകണക്കിനു മൃതദേഹങ്ങൾ കിടങ്ങിൽ കിടക്കുന്ന വീഡിയോ സമൂഹമാധ്യമത്തിൽ പ്രചരിക്കുന്നുണ്ട്. മരണസംഖ്യ ഇനിയും വളരെയേറെ ഉയർന്നേക്കുമെന്നാണു റിപ്പോർട്ട്. ഞായറാഴ്ച രാവിലെ പ്രദേശത്തെത്തിയ ആയുധധാരികളായ ഭീകരർ നാട്ടുകാർക്കു നേരേ തലങ്ങും വിലങ്ങും വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം അൽ-ഖ്വയ്ദയുമായി ബന്ധമുള്ള ജമാ അത്ത് നുസ്രത് അൽ-ഇസ്‌ലാം വാൽ-മുസ്‌ലിമിൻ (ജെഎൻഐഎം) ഏറ്റെടുത്തു. 2021നുശേഷം ബുർക്കിനോ ഫാസോയിലുണ്ടായ ഏറ്റവും വലിയ ആക്രമണമാണു ഞായറാഴ്ചയുണ്ടായത്.
160 പേരാണ് 2021ൽ സോൽഹനിൽ നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ബുർക്കിനോ ഫാസോയിൽ ജിഹാദി ആക്രമണം നിത്യസംഭവമാണ്. അൽ-ഖ്വയ്ദ, ഇസ്‌ലാമിക് സ്റ്റേറ്റ് സംഘടനകളുമായി ബന്ധമുള്ള ഭീകരർ ആയിരക്കണക്കിനു പേരെയാണു കൊന്നൊടുക്കിയത്. 20 ലക്ഷം പേർ പലായനം ചെയ്തു. ഈ വർഷം മാത്രം രാജ്യത്ത് 4500 പേരാണു കൊല്ലപ്പെട്ടത്. ഭീകരാക്രമണം മൂലം ലോകത്ത് ഏറ്റവും കൂടുതൽ ജനങ്ങൾ ദുരിതമനുഭവിക്കുന്നത് ബുർക്കിനോ ഫാസോയിലാണെന്നാണ് നോർവീജിയൻ അഭയാർഥി കൗൺസിൽ പറയുന്നത്.
sdfsf