ടെലഗ്രാം മേധാവിക്ക് ജാമ്യം; പുറത്തു പോകരുതെന്നു കോടതി
പാരീസ്: ഫ്രഞ്ച് പോലീസ് അറസ്റ്റ് ചെയ്ത ടെലഗ്രാം മെസേജിംഗ് ആപ്പ് മേധാവി പാവേൽ ദുറോവിനുമേൽ കുറ്റം ചുമത്തി 56 ലക്ഷം ഡോളറിന്‍റെ ജാമ്യത്തിൽ വിട്ടയയച്ചു. ദുറോവിനോടു ഫ്രാൻസിനു പുറത്തു പോകരുതെന്നു കോടതി നിർദേശിച്ചു. രണ്ടാഴ്ചയിലൊരിക്കൽ പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണം. റഷ്യൻ ശതകോടീശ്വരനും ഫ്രഞ്ച് പൗരനുമായ ദുറോവ് ശനിയാഴ്ച പാരീസിൽ വിമാനമിറങ്ങവേയാണ് അറസ്റ്റിലായത്. ടെലഗ്രാം ആപ്പ് ഉപയോഗിച്ചുള്ള സംഘടിത കുറ്റകൃത്യങ്ങൾക്കെതിരേ നടക്കുന്ന സൈബർ അന്വേഷണത്തിന്‍റെ ഭാഗമായിട്ടാണ് അറസ്റ്റെന്നു പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
കുറ്റകൃത്യസംഘങ്ങളുടെ നിയമവിരുദ്ധ ഇടപാടുകൾക്കു കൂട്ടുനിൽക്കൽ, അധികൃതരുമായി സഹകരിക്കാതിരിക്കൽ, ഫ്രാൻസിലെ കുട്ടികളുടെ അശ്ലീലചിത്രങ്ങൾ പ്രചരിച്ചതിൽ പങ്ക് എന്നീ കുറ്റങ്ങളിലാണു ദുറോവിനെതിരേ അന്വേഷണം. അറസ്റ്റിലും കോടതി നടപടികളിലും ദുറോവ് പൊതുപ്രതികരണത്തിനു തയാറായിട്ടില്ല. ഫ്രഞ്ച് സർക്കാർ അദ്ദേഹത്തെ രാഷ്‌ട്രീയമായി പീഡിപ്പിക്കുകയാണെന്നു റഷ്യ ആരോപിച്ചിരുന്നു. എന്നാൽ, ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോൺ ഇത് നിഷേധിച്ചു. ദുറോവിന്‍റെ അറസ്റ്റിനു പിന്നാലെ അഭിപ്രായസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമായി. ദുറോവിനെ മോചിപ്പിക്കണമെന്ന് എക്സ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ഉടമ ഇലോൺ മസ്ക് ആവശ്യപ്പെട്ടിരുന്നു.
്ിേ്ി